ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടില്ലെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരം. കോൺഗ്രസുമായി പ്രാദേശിക പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽപ്രസ്താവനകൾ നടത്തിയപ്പോൾ എഐസിസി ഇടപെടുകയും അത് തടയുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. തൽസ്ഥാനത്ത് പുരോഗമനപരവും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും നികുതി ഭീകരവാദം ഇല്ലാത്തതും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണംകൊടുക്കുന്നതും കർഷക സൗഹാർദപരവുമായ ഒരു സർക്കാരാണ് വരേണ്ടതെന്നും ചിദംബരം പറഞ്ഞു. സംസ്ഥാന തലങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാനായാൽ രാഷ്ട്രീയ സാഹചര്യങ്ങൾ വലിയതോതിൽ മാറും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽനിന്ന് പ്രാദേശിക പാർട്ടികളെ തടയുന്നതിന് കേന്ദ്രസർക്കാർ ഭീഷണിയുടെ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുവിഹിതം ചേർത്തുവെച്ചാൽ മൊത്തം വോട്ടിന്റെ അമ്പതു ശതമാനത്തിൽ താഴെ മാത്രമേ വരൂ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ദേശീയ പാർട്ടികളുടെ വോട്ട് പിടിച്ചെടുത്ത് പ്രാദേശിക പാർട്ടികൾ വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. Content Highlights:Congress, Rahul Gandhi, PM Face in Loksabha Election, P Chidambaram
from mathrubhumi.latestnews.rssfeed https://ift.tt/2yS0Whn
via
IFTTT
No comments:
Post a Comment