തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ റോഡ് ഉപരോധ സമരങ്ങൾ ആരംഭിച്ചു. ഹൈന്ദവ സംഘടനകളാണ് ഉപരോധ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വലിയ ജനക്കൂട്ടമാണ് എല്ലാ സ്ഥലങ്ങളിലും സമരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഹിന്ദു ഐക്യ വേദിയുടെയും അയ്യപ്പ ഭക്ത സമാജങ്ങളുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരത്തെ തുടർന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയിൽ ഉൾപ്പടെ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരിക്കുന്നത്. 12 മണി വരെയാണ് സമരമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാർ പ്രതികരിച്ചത്. എന്നാൽ പ്രധാനപ്പെട്ട റോഡിൽ ഇത്രനേരം ഗതാഗതം തടസ്സപ്പെടുന്നതിനാൽ പോലീസ് ഇവരെ നീക്കം ചെയ്യാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന നാമജപ യജ്ഞം. -ഫോട്ടോ: ജി. ബിനുലാൽ. തൃശൂരിൽ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടക്കുന്നത്. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആളുകൾ പ്രകടനമായി സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ ഗതാഗതം പോലീസ് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് വിശ്വാസികൾ ഇവിടെയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ കേരളത്തിലും വലിയ രീതിയിൽ തന്നെ ഉപരോധ സമരങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് പാളയം ജങ്ഷനിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ബോർഡുകളും കൊടിതോരണങ്ങളും ഉയർത്തിയാണ് സമരം. വടകരയും കുന്നമംഗലത്തും ഉൾപ്പടെ 11 കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി കല്പറ്റയിൽ ഹൈവേ ഉപരോധിക്കുന്നു. -ഫോട്ടോ: പി. ജയേഷ്. മലയോര മേഖലകളിലും സമരം സജീവമാണ്. ഇടുക്കിയിൽ തൊടുപുഴ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഉപരോധം നടക്കുന്നുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലാണ് ഉപരോധം നടക്കുന്നത്. വൻ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 12 മണിയോടുകൂടി എല്ലായിടങ്ങളിലും സമരം അവസാനിപ്പിക്കും എന്നാണ് നേതാക്കന്മാർ നൽകുന്ന വിവരം. ആലുവയിൽ സമരക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2RzXHng
via
IFTTT
No comments:
Post a Comment