തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നു. സര്‍ക്കാര്‍ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്ത്രീപ്രവേശനം വിലക്കിയ 1991ലെ ഹൈക്കോടതി വിധിയും എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ പാലിച്ചിരുന്നു. പ്രതിമാസ പൂജകള്‍ക്ക് മുന്‍പ് യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നു.
കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഹര്‍ജി നല്‍കിയാല്‍ അത് കോടതിയില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനവുമാകും. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പുനഃപരിശോധനാ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ മതേതര മനസ്സാണ് ഒരുമയ്ക്ക് സഹായകമായത്. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഈ നാട്ടിലെ ദുരാചാരങ്ങള്‍ മാറ്റിയത്. ദുരാചാരത്തിനുള്ള സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണം. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു. സ്ത്രീ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി ഉള്‍ക്കൊണ്ട വേണം കോടി വിധിയേയും സര്‍ക്കാര്‍ നിലപാടുകളെയും കാണാന്‍. തെറ്റായ ആചാരങ്ങള്‍ക്കെതിരെ എല്ലാക്കാലത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിയമനിര്‍മ്മാണത്തിന് മുതിരില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയ കമ്മീഷനെ നിയമിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ കോടതിയിലെ അറിയിച്ചിരുന്നു.
വിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് മാറ്റം വിസ്മയകരമാണ്. അത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ന്നു. നവോത്ഥാന പാരമ്പര്യം കോണ്‍ഗ്രസ് മറക്കരുത്. കോണ്‍ഗ്രസ് വര്‍ഗീയതയിലേക്ക് ചുവടുമാറുന്നു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നേരത്തെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. അവിടെ കുഴപ്പമില്ല. കേരളത്തില്‍ പാടില്ല എന്നതാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാട്.
എല്ലാവര്‍ക്കും തുല്യനീതിയാണ് സര്‍ക്കാര്‍ നിലപാട്. തുല്യനീതിയും അവസരവുമാണ് സര്‍ക്കാര്‍ നയം. വിശ്വാസികളുമായി ഏറ്റുമുട്ടുന്നത് സര്‍ക്കാര്‍ നയമല്ല.അ വര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് നയം. അത് ഇനിയും തുടരും. രാഷ്ട്രീയമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍സര്‍ക്കാര്‍ കീഴടങ്ങുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from mangalam.com https://ift.tt/2zXJKsx
via IFTTT
No comments:
Post a Comment