ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് താരങ്ങൾ മത്സരം ഒത്തുകളിക്കുന്നതിൽ പങ്കാളികളാണെന്ന അൽ ജസീറ ടി.വി.യുടെ വെളിപ്പെടുത്തലിനെ തള്ളി അവിടത്തെ ക്രിക്കറ്റ് ബോർഡുകൾ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യക്തതയില്ലാത്തതുമാണെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇ.സി.ബി.) ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സ്ഥാനമൊഴിയുന്ന ചീഫ് എക്സിക്യുട്ടീവ് ജയിംസ് സതർലൻഡും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) പട്ടികയിലുള്ള ഒത്തുകളിക്കാരൻ അനീൽ മുനവറാണ് വെളിപ്പെടുത്തലുകളുടെ കേന്ദ്രബിന്ദു. 2010-12 കാലയളവിൽ ആറ് ടെസ്റ്റ്, ആറ് ഏകദിനം, ട്വന്റി 20 ലോകകപ്പിലെ മൂന്ന് മത്സരം എന്നിവയിൽ ഒത്തുകളി സംശയിക്കാവുന്ന 26 സംഭവങ്ങളാണ് ഞായറാഴ്ച ക്രിക്കറ്റ്സ് മാച്ച് ഫിക്സേഴ്സ്: ദി മുനവർ ഫയൽസ് എന്ന ഡോക്യുമെന്ററിയിലൂടെ അൽ ജസീറ പുറത്തുവിട്ടത്. ഏഴ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെയും അഞ്ച് കളിയിൽ ഓസ്ട്രേലിയയുടെയും താരങ്ങൾ പങ്കാളികളാണെന്ന് അൽ ജസീറ അവകാശപ്പെടുന്നു. പാകിസ്താൻ താരങ്ങളും ഒത്തുകളിയിലുണ്ടെന്നും അവർ പറയുന്നു. ക്രിക്കറ്റ് ഒത്തുകളിയെക്കുറിച്ച് മുമ്പും അൽ ജസീറയുടെ വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ തെളിവുകൾ കൈമാറണമെന്ന ആവശ്യം അവർ അംഗീകരിച്ചിട്ടില്ലെന്ന് ഐ.സി.സി. കുറ്റപ്പെടുത്തി. കളിക്കാരുടെ കൂറിലും പെരുമാറ്റത്തിലും തങ്ങൾക്ക് സംശയമില്ലെന്ന് ഇ.സി.ബി. വ്യക്തമാക്കി. അഴിമതിയില്ലാതാക്കുകയെന്ന പ്രഖ്യാപിത നയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നറിയിച്ച ഇ.സി.ബി., സംശയാസ്പദമെന്ന് തോന്നിയ എല്ലാ സംഭവങ്ങളും ഐ.സി.സിയുടെ അഴിമതിവിരുദ്ധവിഭാഗത്തിന് കൈമാറിയതായും അറിയിച്ചു. ഒത്തുകളിയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയമാണ്. അഖണ്ഡത ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്. ഓസീസ് ടീമിലെ ഇപ്പോഴത്തെയോ മുമ്പത്തെയോ കളിക്കാർ ഏതെങ്കിലും തരത്തിൽ ഇടപെട്ടതായി കണ്ടെത്തിയിട്ടില്ല. ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഐ.സി.സിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട് -സതർലൻഡ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ട് കളിക്കാർ മടുത്തിരിക്കയാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ സി.ഇ.ഒ. അലിസ്റ്റയർ നിക്കോൾസൻ പറഞ്ഞു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളതെന്ന് അവകാശപ്പെടുന്ന എഡിറ്റ് ചെയ്തതും അല്ലാത്തതുമായ എല്ലാ തെളിവുകളും ഐ.സി.സി.യ്ക്ക് കൈമാറാൻ അൽ ജസീറ തയ്യാറാവണമെന്നും സതർലൻഡ് ആവശ്യപ്പെട്ടു. 2012-ലെ ടിട്വന്റി ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും 2011-2012 കാലയളവിൽ നടന്ന ആറു ടെസ്റ്റുകളിലും ആറു ഏകദിനങ്ങളിലും വാതുവെപ്പ് നടന്നുവെന്നാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഇത്തരത്തിൽ 15 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 26 വാതുവെപ്പുകളാണ് നടന്നതെന്നാണ് അൽ ജസീറ വെളിപ്പെടുത്തിയത്. 2011-ൽ ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ഇതേ വർഷം കേപ്ടൗണിൽ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്, 2011 ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങൾ, 2012 ടിട്വന്റി ലോകകപ്പിലെ മൂന്ന് മത്സരങ്ങൾ, 2012-ൽ യു.എ.ഇയിൽ നടന്ന ഇംഗ്ലണ്ട്-പാകിസ്താൻ ടെസ്റ്റ് പരമ്പര എന്നിവയ്ക്ക് നേരെയാണ് ഡോക്യുമെന്ററി വിരൽ ചൂണ്ടുന്നത്. ഈ മത്സരങ്ങളിലെല്ലാം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന തത്സമയ വാതുവെപ്പാണ് നടന്നത്. മത്സരം പൂർണമായും ഒത്തുകളിച്ചിട്ടില്ല. ഇങ്ങനെ തത്സമയ വാതുവെപ്പ് (സ്പോട്ട് ഫിക്സിങ്ങ്) ന്റെ ഭാഗമായി ബാറ്റ്സ്മാൻ തന്റെ ശൈലിക്ക് ചേരാത്ത രീതിയിൽ കളിച്ചതായാണ് അൽ ജസീറയുടെ കണ്ടെത്തൽ. വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീൽ മുനവ്വറുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ഡോക്യുമെന്ററിയിൽ പറയുന്നു. ഇയാൾ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. അനീൽ മുനവ്വറിന്റെ ഫോൺ സംഭാഷണങ്ങളും വാതുവെപ്പിന് തെളിവായി ചാനൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ സംഭാഷണത്തിനിടയിൽ അനീൽ നടത്തുന്ന 26 പ്രവചനങ്ങളിൽ 25 എണ്ണവും ശരിയാകുന്നുണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി അനീലിന് ബന്ധമുള്ളതായും ചാനൽ വ്യക്തമാക്കുന്നു. Content Highlights: Australia, England rejects Spot Fixing Allegations
from mathrubhumi.latestnews.rssfeed https://ift.tt/2q6HB8o
via
IFTTT
No comments:
Post a Comment