‘വലിച്ചുതാഴെയിടും’ പ്രയോഗം: ബി.ജെ.പി. ഒരടി പിന്നോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

‘വലിച്ചുതാഴെയിടും’ പ്രയോഗം: ബി.ജെ.പി. ഒരടി പിന്നോട്ട്

തിരുവനന്തപുരം: ദേശീയാധ്യക്ഷൻ അമിത് ഷായുടെ കണ്ണൂർ പ്രസംഗത്തിനെതിരേ വ്യാപകമായി പ്രതിഷേധമുയർന്നതോടെ, അദ്ദേഹമുദ്ദേശിച്ചത് സംസ്ഥാന സർക്കാരിനെതിരേ കേന്ദ്രസർക്കാരിന്റെ ഇടപെടലല്ലെന്ന് വിശദീകരിച്ച് ബി.ജെ.പി. 'ആചാരങ്ങൾ തടയാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെ വലിച്ചുതാഴെയിടാൻ മടിക്കില്ല' എന്നായിരുന്നു കഴിഞ്ഞദിവസം കണ്ണൂരിൽ അമിത് ഷാ പ്രസംഗിച്ചത്. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് അമിത്ഷാ ഉദ്ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതോടെയാണ് ബി.ജെ.പി. സംസ്ഥാനനേതൃത്വം പിന്നാക്കം പോയത്. സംസ്ഥാന സർക്കാരിനെതിരേ കേരളത്തിലെ ജനങ്ങൾ തിരിയുമെന്നാണെന്ന് അമിത് ഷാ ഉദ്ദേശിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവർ സർക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ് ദേശീയ അധ്യക്ഷൻ പറഞ്ഞതെന്നും അല്ലാതെ, കേന്ദ്രസർക്കാർ ഇടപെടലല്ല ഉദ്ദേശിച്ചതെന്നും ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതായാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാരിന് സംസ്ഥാന ഭരണത്തിൽ ഇടപെടാൻ ഭരണഘടന അനുശാസിക്കുന്ന വിധത്തിലേ കഴിയൂ. ആർട്ടിക്കിൾ 356 അനുസരിച്ച് നീങ്ങാനുള്ള സാഹചര്യങ്ങളുണ്ടാവണം. കേരളത്തിൽ നിലവിൽ അത്തരമൊരു അവസ്ഥയില്ല. ബി.ജെ.പി. ഇതൊക്കെ വിശദീകരിക്കുമ്പോഴും അമിത് ഷായുടെ പ്രസംഗത്തിനെതിരേ സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇടതുസർക്കാരിന് കിട്ടിയ ഭരണം ബി.ജെ.പി.യുടെ ദയാദാക്ഷിണ്യത്തിലല്ല എന്നുപറഞ്ഞുകൊണ്ട് ശനിയാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത്ഷായ്ക്കെതിരേ പോർമുഖം തുറന്നിരുന്നു. ഞായറാഴ്ച ദേശീയതലത്തിലേക്കും പ്രതിഷേധം കനത്തു. കോൺഗ്രസ്, സിപി.എം. പൊളിറ്റ്ബ്യൂറോ, ബി.എസ്.പി. നേതാവ് മായാവതി, വിവിധ ഇടതുനേതാക്കൾ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി ഒട്ടേറെപ്പേർ പ്രതിഷേധവുമായി രംഗത്തെത്തി. ഇക്കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഏറക്കുറെ ഒന്നിച്ചതും ബി.ജെ.പി.ക്ക് തിരിച്ചടിയായി. എന്നാൽ, വിശ്വാസികളെ പാതിവഴിയിലുപേക്ഷിച്ച കുറ്റത്തിലെ പ്രതികളാണ് കോൺഗ്രസെന്നാണ് ബി.ജെ.പി. ഇതിന് മറുപടിപറയുന്നത്. ശബരിമലവിഷയത്തിൽ സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാനാവില്ലെന്നു പറയുന്നത് ശരിയല്ലെന്ന് ശ്രീധരൻപിള്ള ആവർത്തിച്ചു. രാജ്യത്തിനകത്തെ തീർഥാടകപ്രവേശം സംസ്ഥാനവിഷയമാണ്. ഓർഡിനൻസിന് സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന നിരാശ കാരണം : അമിത് ഷായുടെ പ്രസ്താവന ഒരു എം.എൽ.എ. മാത്രമുള്ള ബി.ജെ.പി.ക്ക് കേരളത്തിൽ കാലുകുത്താൻ കഴിയാത്തതിന്റെ നിരാശയിൽനിന്നാണ്. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണിത്. നടപ്പാക്കാൻ കഴിയാവുന്ന വിധികളേ കോടതികൾ പുറപ്പെടുവിക്കാവൂ എന്നുപറഞ്ഞ അമിത് ഷാ കോടതികളെ ഉന്നംവെയ്ക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെയും വോട്ടർമാരുടെയും ബുദ്ധിശക്തിയെ പരീക്ഷിക്കുകയാണ് അമിത് ഷാ. ബി.ജെ.പി.യുടെ ലക്ഷ്യം ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയും പിന്നീട് അവയെ തകർക്കുകയുമാണ്. -മനു അഭിഷേക് സിങ്വി,കോൺഗ്രസ് വക്താവ് കോടതിവിധിയെ വെല്ലുവിളിക്കുന്നു ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുന്നതും വിധിയെ ധിക്കരിക്കാൻ പാർട്ടിപ്രവർത്തകരെ പ്രേരിപ്പിക്കുന്നതുമാണ് അമിത് ഷായുടെ പ്രസംഗം. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരേ നടന്ന അക്രമസംഭവങ്ങൾക്കുപിന്നിലെ യഥാർഥ കൈകൾ ആരുടേതാണെന്ന് വെളിപ്പെടുത്തുകയാണ് ഇതിലൂടെ അമിത് ഷാ ചെയ്തത്. ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. -സി.പി.എം. പൊളിറ്റ് ബ്യൂറോ ഭരണഘടനാവിരുദ്ധം : അമിത് ഷായുടെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തെ ജനാധിപത്യം അപകടത്തിലായെന്നാണ് ആ പ്രസംഗം കാണിക്കുന്നത്. നിരുത്തരവാദപരവും പ്രകോപനപരവുമായ ആ പ്രസംഗം കോടതി ശ്രദ്ധിക്കണം. ഇത് അപലപിക്കേണ്ടതാണ്. കോടതിവിധിയിൽ അതൃപ്തിയുണ്ടെങ്കിൽ ബി.ജെ.പി. കോടതിയെ സമീപിക്കട്ടെ. റോഡുകളിൽ ബഹളമുണ്ടാക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ പിരിച്ചുവിടുമെന്ന് ഭീഷണിമുഴക്കുകയുമല്ല ചെയ്യേണ്ടത്. പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി. മതപരമായ വിഷയങ്ങൾ ഉയർത്തുന്നത്. -മായാവതി, ബി.എസ്.പി. അധ്യക്ഷ


from mathrubhumi.latestnews.rssfeed https://ift.tt/2CLmBLI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages