തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മദ്യനിർമാണത്തിനുള്ള അനുമതി നൽകിയത് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം. 1999ലെ ഉത്തരവ് പരിഷ്കരിച്ച് ശ്രീചക്ര ഡിസ്റ്റലറിക്ക് അനുമതി നൽകണമെന്നാണ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ഡിസ്റ്റലറി സ്ഥാപിച്ചാൽ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴിൽ സാധ്യതയും ഉണ്ടെന്ന് എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിനെ മറികടന്ന് സർക്കാർ ഏകപക്ഷീയമായി നിലപാടെടുക്കുകയാണെന്ന വാദത്തിന് കഴമ്പില്ല. ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകിയത് 12-07-2018 ലാണ്. ഇതിനായുള്ള ഉത്തരവ് നേരത്തെ പുറത്തുവന്നതുമാണ്. ശ്രീചക്രയ്ക്ക് അനുമതി നൽകുമ്പോൾ മൂന്നുകാര്യങ്ങൾ പരാമർശമായി പറഞ്ഞിട്ടുണ്ട്. അതിൽ മൂന്നാമത്തേത് എക്സൈസ് കമ്മീഷണറുടെ 13-11-2017 ലെ കത്തിനെക്കുറിച്ചാണ്. ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകിയത് എക്സൈസ് കമ്മീഷണറുടെ ഈ കത്ത് പ്രകാരമാണെന്ന് ഇത് പരിശോധിച്ചാൽ വ്യക്തമാണ്. ഈ കത്തിന്റെ പകർപ്പാണ് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നത്. ഈ കത്തിൽ എക്സൈസ് കമ്മീഷണർ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. നേരത്തെ പല കാര്യങ്ങൾ പറഞ്ഞ് 1999 ലെ വിനോദ് റായിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനുമതികൾ നിഷേധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഇങ്ങനെയൊരു അപേക്ഷ വന്നിരിക്കുന്ന സാഹചര്യത്തിൽ അത് പരിഗണിക്കാവുന്നതാണെന്ന് കത്തിൽ പറയുന്നു. അപേക്ഷ പരിഗണിക്കുമ്പോൾ അത് എങ്ങനെ വേണമെന്നതിനുള്ള നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. 1999ലെ വിനോദ് റായിയുടെ ഉത്തരവ് ഭേദഗതി വരുത്തിവേണം പുതിയ ഡിസ്റ്റലറികൾക്ക് അനുമതി നൽകണമെന്നാണ് എക്സൈസ് കമ്മീഷണർ മുന്നോട്ടുവെക്കുന്ന നിർദ്ദേശം. പുതിയഡിസ്റ്റലറികൾ അനുവദിക്കുമ്പോൾ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ നേട്ടമുണ്ടാക്കും. തൊഴിൽ സാധ്യതകൾ വർധിക്കും. അതിനാൽ 1999 ലെ ഉത്തരവ് ഭേദഗതി ചെയ്ത് ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകാവുന്നതാണെന്നാണ് എക്സൈസ് കമ്മീഷണർ എടുത്ത നിലപാട്. 13-11-2017 ലെ ഈ റിപ്പോർട്ട് പരിഗണിച്ചാണ് തൃശ്ശൂരിൽ ശ്രീചക്ര ഡിസ്റ്റലറിക്ക് അനുമതി നൽകാൻ 12-7-2018ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2QigSR9
via
IFTTT
No comments:
Post a Comment