കൊച്ചി: ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനക്കേസിനെക്കുറിച്ച് വത്തിക്കാൻ നിരീക്ഷിക്കുകയാണെന്ന് വ്യക്തമായി. ഇപ്പോൾ വത്തിക്കാനിലുള്ള ഇന്ത്യയിലെ കർദിനാൾമാർ അവിടെ നടത്തിയ ചർച്ചകളിലാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ഇവർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് ചർച്ച നടത്തി കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രിഫക്ടുമാരായ കർദിനാൾ ഫെർണാണ്ടോ ഫിലോനി, ലിയനാർഡോ സാന്ദ്രി എന്നിവർക്കൊപ്പമാണ് ഇവർ പരോളിനെ കണ്ടത്. പോലീസ് അന്വേഷണം തീരാൻ വത്തിക്കാൻ കാത്തിരിക്കുകയാണെന്ന ഉറപ്പാണ് ഇവർക്ക് ലഭിച്ചത്. ഇന്ത്യയിലെ ജുഡീഷ്യറിയിൽ പൂർണ വിശ്വാസമാണെന്ന് കർദിനാൾമാർ ആവർത്തിച്ച് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കുമായി പ്രാർഥിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ മുംബൈ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ബിഷപ്പുമാരുടെ സിനഡിൽ പങ്കെടുക്കാനാണ് ഇവർ വത്തിക്കാനിലെത്തിയിരിക്കുന്നത്. വിഷയം മാർപാപ്പയുടെ മുന്നിലെത്തിയെന്ന കാര്യമാണ് ഇതിലൂടെ ഉറപ്പായിരിക്കുന്നത്. അമേരിക്കയിലും മറ്റും ബിഷപ്പുമാർക്കെതിരേ ഉണ്ടായ ആരോപണങ്ങളിൽ ജുഡീഷ്യറിയുടെ തീരുമാനത്തിന് വത്തിക്കാൻ കാത്തിരുന്നില്ല. പോലീസ് അന്വേഷണം തീരുന്ന മുറയ്ക്ക് എന്തെങ്കിലും നടപടിയുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2Oe3lNZ
via
IFTTT
No comments:
Post a Comment