തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന രാഷ്ട്രീയ നിലപാടിൽനിന്ന് സി.പി.എം. പിന്നോട്ടില്ല. അതേസമയം, പ്രശ്നത്തിന് നിയമപരമായ പരിഹാരത്തിനുള്ള വഴികൾ അടക്കേണ്ടതില്ലെന്ന അഭിപ്രായവും പാർട്ടിക്കുണ്ട്. സുപ്രീംകോടതിക്കു മുന്നിൽ ഇപ്പോൾ ഒട്ടേറെ റിവ്യൂഹർജികൾ ഉണ്ട്. ഇവ പരിഗണിക്കുമ്പോൾ സർക്കാരിനും ദേവസ്വംബോർഡിനും അഭിപ്രായം അറിയിക്കാൻ അവസരമുണ്ടാവുമെന്ന് സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടുതന്നെ സർക്കാരോ ബോർഡോ പ്രത്യേക റിവ്യൂഹർജി നൽകുന്നതിൽ പ്രസക്തിയില്ല.റിവ്യൂ ഹർജിയെന്ന പുകമറ സൃഷ്ടിച്ച് ജനങ്ങളെ ബി.ജെ.പി.യും കോൺഗ്രസും ഇളക്കിവിടുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സുരക്ഷ നൽകണമെന്നാണ് ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. വിധി നടപ്പാക്കുന്നതിനെ ഇവിടത്തെ ബി.ജെ.പി. ചോദ്യംചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ആളിക്കത്തിച്ച് മുതലെടുക്കാൻ ബി.ജെ.പി.യും കോൺഗ്രസും ശ്രമിക്കുന്നതിനെക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികൾ ശക്തമാക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റാലി നടത്തും. നവംബർ മൂന്ന്, നാല് തീയതികളിൽ എല്ലാ വീടുകളും സന്ദർശിച്ച് വിധിയിലേക്കു നയിച്ച സാഹചര്യവും വസ്തുതകളും വിശദീകരിക്കും. നവംബറിൽ വിപുലമായ കുടുംബയോഗങ്ങൾ നടക്കും. 140 മണ്ഡലങ്ങളിലും നേതാക്കന്മാരുടെ നേതൃത്വത്തിൽ കാൽനടജാഥ നടത്തും. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികദിനമായ നവംബർ 12-ന് എല്ലാ വില്ലേജുകളിലും നവോത്ഥാന സദസ്സ് സംഘടിപ്പിക്കും. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കേണ്ടതില്ല. വിശ്വാസ സംരക്ഷണ സമരമല്ല, വിശ്വാസികളെ ഇളക്കിവിട്ടുള്ള രാഷ്ട്രീയസമരമാണ് ഇപ്പോൾ നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മതം പറഞ്ഞ് പോലീസ് സേനയിലും വർഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമം നടക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്ന കോൺഗ്രസുകാർ വൈകാതെ ബി.ജെ.പി.ക്കാരായി മാറും. ഇത് കോൺഗ്രസ് മനസ്സിലാക്കണം. വിശ്വാസമാണ് കണക്കിലെടുക്കേണ്ടതെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം പണിയേണ്ടിവരും. കോൺഗ്രസും മുസ്‌ലിം ലീഗും ഈ പ്രശ്നത്തിൽ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നത് ബാബരി മസ്ജിദിന്റെ കാര്യത്തിൽ അവർക്ക് തിരിച്ചടിയാവുമെന്നും കോടിയേരി പറഞ്ഞു. ഓർത്തഡോക്‌സ്-യാക്കോബായ തർക്കത്തിലുള്ള സുപ്രീംകോടതി വിധിയും മറ്റുചില വിധികളും നടപ്പാക്കാത്ത സർക്കാർ ശബരിമലവിധിമാത്രം നടപ്പാക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. അതൊന്നും മൗലികാവകാശത്തെ സംബന്ധിച്ച വിധിയല്ല -കോടിയേരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2CvklIB
via
IFTTT
No comments:
Post a Comment