കൊച്ചി: എൻ. ശങ്കർ റെഡ്ഡിയെ ഡി.ജി.പി.യാക്കിയതുമായി ബന്ധപ്പെട്ട്് രമേശ് ചെന്നിത്തലയുടെപേരിൽ വിജിലൻസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഗവ. ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന്റെ നിയമസാധുത വിജിലൻസ് വിലയിരുത്തേണ്ടതില്ലെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു കേസ്. പരാതി ദുരുദ്ദേശ്യത്തോടെയുള്ളതാണ്. പ്രശസ്തിക്കോ സ്വകാര്യനേട്ടത്തിനോ വേണ്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള വ്യവഹാരം ഒഴിവാക്കാൻ നിയമം നിർമിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.നിയമനിർമാണത്തിന് സമയം അതിക്രമിച്ചു. അക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് വിലയിരുത്തിയതോടൊപ്പം വിജിലൻസിന് ചില മാർഗനിർദേശങ്ങളും കോടതി നൽകി. പേരെടുക്കാനോ വ്യക്തിപരമായ നേട്ടത്തിനോ ഉള്ള അനാവശ്യ വ്യവഹാരം വിജിലൻസ് ഉദ്യോഗസ്ഥരും പ്രത്യേക കോടതിയും തിരിച്ചറിയണം. നയപരമോ ഭരണപരമോ ആയ തീരുമാനം അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശങ്കർ റെഡ്ഡിയുൾപ്പെടെ നാലു പോലീസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ്. പരാതിയുണ്ടെങ്കിൽ ട്രിബ്യൂണൽ ഉൾപ്പെടെ ഉചിതമായ വേദിയെ സമീപിക്കാം.പരാതിയിൽ പറയുന്ന കാര്യങ്ങൾ അഴിമതിനിരോധനനിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സ്ഥാനക്കയറ്റം സർക്കാരിന് പുനഃപരിശോധിക്കാവുന്നതാണെന്ന ശുപാർശയും ഇൻസ്പെക്ടറുടെ റിപ്പോർട്ടിലുണ്ട്. ഭാവിയിൽ ചട്ടം പാലിക്കണമെന്നും പറയുന്നു. അത്തരത്തിൽ സർക്കാരിന്റെ നടപടിയെ വിമർശിക്കുകയോ ശുപാർശ നൽകുകയോ ചെയ്യാൻ ഇൻസ്പെക്ടർക്കാവില്ലെന്ന് കോടതി ഓർമിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Oq0K3J
via
IFTTT
No comments:
Post a Comment