കൊച്ചി: കേരള പോലീസിന് ഉടൻ ഹെലികോപ്റ്റർ സൗകര്യം ലഭ്യമാകുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ.) സംഘടിപ്പിച്ച ’പ്രളയാനന്തര കേരളവും നവകേരള നിർമിതിയും’ സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഏതു നിമിഷവും ഏതൊരു ദുരന്തവും വരാം എന്ന രീതിയിൽ വേണം ഇനി പോലീസ് സേന മുന്നോട്ടുപോകാനെന്ന് അദ്ദേഹം പറഞ്ഞു. മഹാ പ്രളയം നമ്മെ പഠിപ്പിച്ചത് അതാണ്. ആറു ലക്ഷത്തോളം പേരെയാണ് പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ നിവാരണത്തിന് പോലീസിന് ഒരു പരിശീലനവും ലഭിച്ചിട്ടില്ല. ആവശ്യമായ ഒരു സജ്ജീകരണവും അവർക്കില്ലായിരുന്നു. എന്നിട്ടും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അവർ രംഗത്തിറങ്ങിയത്. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ 100 പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ടോർച്ച് പോലുമില്ലാത്ത സ്റ്റേഷനുകളുണ്ട്. ആദ്യം 2,000 പേർക്ക് ദുരന്തനിവാരണത്തിൽ 15 ദിവസത്തെ അടിസ്ഥാന പരിശീലനം നൽകും. ദേശീയ ദുരന്തനിവാരണ സേന ഇതിനുള്ള ആളുകളെ വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തസാധ്യതാ മേഖലയിലുള്ള സ്ഥിര താമസക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഡി.ജി.പി. പറഞ്ഞു. പ്രളയദിനങ്ങളിൽ ഉജ്ജ്വല രക്ഷാപ്രവർത്തനം നടത്തിയവർക്ക് മെഡൽ നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കെ.പി.ഒ.എ. പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷനായിരുന്നു. സെമിനാർ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ.മാരായ ഹൈബി ഈഡൻ, ജോൺ ഫെർണാണ്ടസ്, യു.എൻ.ഇ.പി.യുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, എസ്. സുരേന്ദ്രൻ, കെ. ലാൽജി, സി.ആർ. ബിജു, പി.ജി. അനിൽകുമാർ, കെ.എസ്. ഔസേപ്പ് തുടങ്ങിയവർ സംസാരിച്ചു. പ്രളയ ദുരിതത്തിൽ സ്തുത്യർഹമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ വിവിധ സേനാംഗങ്ങളെ ആദരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OTuPZu
via
IFTTT
No comments:
Post a Comment