തിരുവനന്തപുരം: ശബരിമലയിലെ സംഘർഷങ്ങളിൽ സമരക്കാരെ പോലീസ് കുടുക്കിയത് പലതരം ‘കെണി’കളിലൂടെ. ഇതിലേറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് സാമൂഹിക മാധ്യമങ്ങളെയാണ്. പോലീസ് വലവിരിച്ചവർക്ക് നിയമസഹായം നൽകാമെന്നറിയിച്ച് വാട്‌സാപ്പിൽ പ്രചരിച്ച ഫോൺനമ്പർ മിക്കവർക്കും കെണിയായി മാറി. നിയമസഹായത്തിന് വിളിക്കാൻ നൽകിയ ഫോൺനമ്പറുകളിൽ ചിലത് പോലീസിന്റേയോ പോലീസുമായി ബന്ധപ്പട്ടവരുടേതോ ആയിരുന്നു. എന്നാൽ, അറസ്റ്റ് തുടരുന്നതിനിടെ ഹൈക്കോടതിയുടെ മുന്നറിയിപ്പ് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾ നിരീക്ഷിച്ച് 21 കേസാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ പന്ത്രണ്ടും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ്.ഓഡിയോ ക്ലിപ്പിലൂടെയും അല്ലാതെയും സമരത്തിന് മറ്റുരീതിയിൽ ആഹ്വാനം നൽകിയവരും കുടുങ്ങി. സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനങ്ങൾ ഗ്രൂപ്പുകൾ തോറും ഫോർവേഡ് ചെയ്തത് സമരക്കാർക്ക് വിനയായി. സ്ത്രീകളെ തടയാൻ സന്നിധാനത്തേക്ക് പോകാൻ താത്പര്യമുള്ളവർക്ക് വിളിക്കാൻ വാട്‌സാപ്പിൽ നൽകിയ ഫോൺനമ്പറും പോലീസിന് ഗുണം ചെയ്തു.അറസ്റ്റിന് പലരീതികൾ അവലംബിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു. നിയമസഹായത്തിന് വാട്‌സാപ്പിൽ നൽകിയ നമ്പറിൽ വിളിച്ചവർ സംഭവം വിശദീകരിക്കുകയും ആരൊക്കെ ഒപ്പം ഉണ്ടായിരുന്നതടക്കമുള്ള കാര്യങ്ങൾ പറയുകയും ചെയ്തു. വാട്‌സാപ്പിൽ വന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തത് പലർക്കും കുടുക്കാവും. ഇവരെ പോലീസ് തിരഞ്ഞുവരുകയാണ്. അടുത്തമാസം അഞ്ചിന് നടതുറക്കുമ്പോൾ എന്തൊക്കെ സമരരീതിയാണ് നടത്തുന്നതെന്നും ആരെയൊക്കെ വിളിക്കണമെന്നും അന്വേഷിച്ച് സംശയകരമായ ഓട്ടേറെ ഫോൺവിളികൾ ബി.ജെ.പി. നേതാക്കൾക്കും ലഭിക്കുന്നുണ്ട്.ലുക്ക്ഔട്ട് നോട്ടീസിൽപ്പെട്ടവരെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സി.പി.എം. പാർട്ടിപ്രവർത്തകരെ ഉപയോഗിച്ചും കണ്ടെത്തി അറസ്റ്റുചെയ്തിട്ടുണ്ട്.ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുശബരിമല യുവതീപ്രവേശത്തിന് അനാവശ്യ തിടുക്കം കാണിച്ച സർക്കാരിനേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാൻ പോലീസിനെ ദുരുപയോഗംചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽപ്പെടുത്തുകയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയും അറസ്റ്റ് ചെയ്യുന്നു. അടിയന്തരാവസ്ഥക്കാലത്തുപോലും സ്ത്രീകൾക്കെതിരേ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുത്തിട്ടില്ല. ഭക്തരുടെ വാഹനങ്ങൾ പ്രകോപനവുമില്ലാതെ തകർത്തിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേ കേസെടുത്തില്ല. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം ശബരിമലയെ തകർക്കാനുള്ള സി.പി.എം. ഗൂഢശ്രമത്തിന്റെ തുടർച്ചയാണ്. -ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള
from mathrubhumi.latestnews.rssfeed https://ift.tt/2OVWr0k
via
IFTTT
No comments:
Post a Comment