കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയത് ഗൗരവമേറിയ നിരീക്ഷണങ്ങള്‍. ബിഷപ്പ് ഫ്രാങ്കോ സമുദായത്തില്‍ ഉന്നത സ്ഥാനത്തുള്ള വ്യക്തിയായതിനാല്‍ അന്വേഷണത്തെ സാധീനിച്ചേക്കുമെന്ന് കോടതി കണ്ടെത്തി. ബിഷപ്പിനെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ല. ജാമ്യാപേക്ഷ വളരെ നേരത്തെയാണെന്നും കോടതി കണ്ടെത്തി.
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. ഗൗരവമേറിയ ആരോപണങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും എതിരാണ്. ബലാത്സംഗക്കേസ് ആയതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷ തള്ളിയതോടെ ഫ്രാങ്കോയുടെ ജയില്‍വാസം തുടരും. റിവ്യൂ ഹര്‍ജിയുമായി ഹൈക്കോടതിയെ തന്നെയോ സുപ്രീം കോടതിയെയോ സമീപിക്കുകയാണ് ബിഷപ്പിനു മുന്നിലുള്ള മാര്‍ഗം. സെപ്തംബര്‍ 21നാണ് പോലീസ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു ദിവസം നീണ്ടുനിന്ന തുടര്‍ച്ചയായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം, ജയിലില്‍ കിടക്കുന്ന ഫ്രാങ്കോയെ കാണാന്‍ സമുദായ-രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കാണ്. ഫ്രാങ്കോയുടെ ജാമ്യത്തിന് വരുംനാളുകളിലും തടയിടാന്‍ പ്രോസിക്യൂഷന് ഉയര്‍ത്തിക്കാട്ടാവുന്ന ഏറ്റവും നല്ല ആയുധവുമാണിത്. ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കഴിയുമെന്നതിന്റെ തെളിവാണിതെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടിക്കാന്‍ കഴിയും. ഫ്രാങ്കോ നിരപരാധിയാണെന്നും ജയില്‍വാസത്തെ ക്രിസ്തുവിന്റെ സഹനത്തോട് താരതമ്യപ്പെടുത്തിയുമൊക്കെ ബിഷപ്പുമാര്‍ നടത്തുന്ന പ്രസ്താവനകള്‍ ശരിക്കും ഫ്രാങ്കോയ്ക്കു തന്നെ വിനയായി മാറുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ച ഇടവക വികാരിക്കൊപ്പം കൊലക്കേസ് പ്രതി ഉണ്ടായിരുന്നുവെന്നതും പ്രോസിക്യുഷന്റെ കയ്യില്‍ സഭാനേതൃത്വം കൊണ്ടുപോയി കൊടുത്ത വടിയാണ്.
from mangalam.com https://ift.tt/2Iy8ASn
via IFTTT
No comments:
Post a Comment