ശബരിമലയില്‍ നിരോധനാജ്ഞ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമലയില്‍ നിരോധനാജ്ഞ

ശബരിമല:ഒരുപകൽമുഴുവൻ നീണ്ട പ്രതിഷേധത്തിനും അക്രമത്തിനുമിടെ, തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്ത്രീ പ്രവേശത്തിനെതിരായ സമരത്തിന്റെ മറവിൽ നിലയ്ക്കലും പമ്പയിലും നടന്നത് വ്യാപക അക്രമം. വൈകീട്ടോടെ പ്രതിഷേധം പോലീസ് നിയന്ത്രണവിധേയമാക്കിയെങ്കിലും കരുതലെന്നോണം കളക്ടർ പി.ബി. നൂഹ് ശബരിമലയിൽ പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിമുതൽ നിലയ്ക്കലിൽ തമ്പടിച്ച പ്രതിഷേധക്കാരെ ബുധനാഴ്ച രാവിലെ പോലീസ് തുരത്തിയെങ്കിലും പിന്നീട് കൂടുതൽ സംഘടിതമായെത്തി പ്രതിഷേധവും അക്രമവും അഴിച്ചുവിടുകയായിരുന്നു. ഇടയ്ക്ക് ആന്ധ്രയിൽനിന്നുള്ള 45-കാരി മലചവിട്ടാനെത്തിയതും സംഘർഷം ശക്തമാക്കി. പോലീസും പ്രതിഷേധക്കാരും പലകുറി ഏറ്റുമുട്ടി. ഇരുവിഭാഗവും പരസ്പരം കല്ലേറുനടത്തി. പ്രതിഷേധക്കാർ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. 250 പ്രതിഷേധക്കാർക്കും പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. റഫീക്ക് ഉൾപ്പെടെ 25 പോലീസുകാർക്കും പരിക്കേറ്റു. നാല് വനിതകൾ ഉൾപ്പെടെ പതിനൊന്ന് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകരെത്തിയ വാഹനങ്ങൾ അടിച്ചുതകർത്ത സംഘം ക്യാമറകളും തകർത്തു. കല്ലേറുതുടർന്നതോടെ നിലയ്ക്കലിൽ നാലുതവണ പോലീസ് ലാത്തിവീശി. പമ്പയിൽ കല്ലേറിലും ലാത്തിച്ചാർജിലും ഒരു വനിതയ്ക്കും പരിക്കേറ്റു. ഐ.ജി. മനോജ് എബ്രഹാമിന്റെയും എ.ഡി.ജി.പി. അനിൽകാന്തിന്റെയും നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. സമാധാന സമരത്തിന് എതിരല്ലെന്നും എന്നാൽ, അക്രമത്തിലേക്ക് തിരിഞ്ഞാൽ പോലീസ് നേരിടുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഭക്തർ കൂട്ടംകൂടി വരുന്നതിനോ തീർഥാടക വാഹനങ്ങൾ സഞ്ചരിക്കുന്നതിനോ നിയന്ത്രണങ്ങളുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ പക്കിനട സ്വദേശിയായ ബാലമാധവി(45)യാണ് ബുധനാഴ്ച രാവിലെ പമ്പയിൽനിന്ന് പോലീസ് സംരക്ഷണത്തിൽ മലചവിട്ടിയത്. ത്രിവേണി പാലം കടന്ന് മുന്നോട്ടുനീങ്ങിയ ഇവരെ മുന്നിലോടിയ പ്രതിഷേധക്കാർ വളയുകയായിരുന്നു. കുട്ടികളടക്കം കുടുംബസമേതമാണ് മാധവിയെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇവർ ഇടയ്ക്കുവെച്ച് മടങ്ങി. ദർശനത്തിനായി എത്തിയ ചേർത്തല സ്വദേശിനി സി.എസ്. ലിബിയെ പത്തനംതിട്ട ബസ്സ്റ്റാൻഡിൽ പ്രതിഷേധക്കാർ തടഞ്ഞു. നിലയ്ക്കലിൽ ഒരുവിഭാഗം പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞ് സ്ത്രീകളെ വഴിയിൽ ഇറക്കിവിട്ടു. ഇവിടെ ഒട്ടേറെപ്പേർ പങ്കെടുക്കുന്ന ഉപവാസ പ്രാർഥനായജ്ഞം തുടരുകയാണ്. പന്തളം രാജകുടുംബത്തിനുപുറമേ, ബി.ജെ.പി.യും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളും രംഗത്തുണ്ട്. ഇടത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ ശരണമന്ത്ര കൂട്ടായ്മയുടെ പന്തൽ പോലീസുകാർ പൊളിച്ചു. പുലർച്ചെ വാഹനങ്ങൾ ആക്രമിച്ച ഹനുമാൻസേനക്കാർക്ക് എതിരായ നടപടിയായിരുന്നു ഇത്. പക്ഷേ, എട്ടുമണിയോടെ ശരണം വിളികളുമായി സ്ത്രീകളുടെ സംഘങ്ങൾ വന്ന് നിലയ്ക്കൽ ഗോപുരത്തിന് കീഴേ ഇരുപ്പുറപ്പിച്ചതോടെ ഇവിടം നിറഞ്ഞു. രാവിലെ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പമ്പയിൽ നാമജപം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. പരേതനായ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം, മകൾ മല്ലിക, പന്തളം കൊട്ടാരത്തിലെ കേരളവർമ, തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെയാണ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പമ്പയിൽ തീർഥാടകരെ തടയാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പോലീസ് നടപടി. പമ്പ സ്റ്റേഷനിൽ എത്തിച്ച ഇവരെ ജാമ്യത്തിൽ വിട്ടു. ബാലമാധവിയെയും കുടുംബത്തെയും തടഞ്ഞ കേസിൽ തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമസേനാ പ്രസിഡന്റുമായ രാഹുൽ ഈശ്വറിനെ സന്നിധാനത്തുവെച്ച് പോലീസ് അറസ്റ്റുചെയ്തു. ജാമ്യമില്ലാക്കുറ്റമാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. വൈകീട്ട് നടതുറക്കുന്നതിന് തൊട്ടുമുമ്പ് പമ്പയിലും ലാത്തിച്ചാർജുണ്ടായി. പന്തളം രാജമണ്ഡപത്തിന് മുന്നിൽ സ്ത്രീകളെ തടയാനായി തമ്പടിച്ചിരുന്ന പ്രതിഷേധക്കാരെയാണ് പോലീസ് ലാത്തിവീശിയോടിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2yj4hGT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages