തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളം കിരീടത്തിലേക്ക്. 69 മത്സരങ്ങൾ പൂർത്തിയായപ്പോൾ 22 സ്വർണമടക്കം എറണാകുളത്തിന് 192 പോയന്റുണ്ട്. പാലക്കാട് (130 പോയന്റ്) രണ്ടാമതും കോഴിക്കോട് മൂന്നാം (77 പോയന്റ്) സ്ഥാനത്തുമാണ്. സ്കൂളുകളിൽ, 55 പോയന്റുമായി കോതമംഗലം സെന്റ് ജോർജ് മുന്നിലെത്തി. അയൽക്കാരും നിലവിലെ ചാമ്പ്യനുമായ മാർ ബേസിൽ 44 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. രണ്ടാംദിനമായ ശനിയാഴ്ച രണ്ട് മീറ്റ് റെക്കോഡ് പിറന്നു. ഇതോടെ ആകെ റെക്കോഡുകൾ നാലായി. 4x100 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ റിലേയിൽ തിരുവനന്തപുരം ടീമും (43.85 സെക്കൻഡ്) സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ എറണാകുളം മാതിരപ്പള്ളി എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്രാ ബാബുവും (12.81 മീറ്റർ) റെക്കോഡിന് ഉടമയായി. 2017-ൽ എറണാകുളം ടീം സ്ഥാപിച്ച (43.88 സെ.) റെക്കോഡാണ് റിലേ ടീം തിരുത്തിയത്. സാന്ദ്രാ ബാബു, 2012-ൽ ജെനിമോൾ ജോയി സ്ഥാപിച്ച (12.78 മീ.) ദൂരം മറികടന്നു. മീറ്റിന്റെ ഒന്നാം ദിനം ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സാന്ദ്ര എ.എസും ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ മുഹമ്മദ് ബാസിമും മീറ്റ് റെക്കോഡ് നേടിയിരുന്നു. ശനിയാഴ്ച ആറു താരങ്ങൾ ഇരട്ടസ്വർണത്തിന് അർഹരായി. നാട്ടിക സ്കൂളിലെ ആൻസി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും അതിവേഗക്കാരായി. ശനിയാഴ്ചത്തെ മുഖ്യ ആകർഷണമായിരുന്ന 4X100 മീറ്റർ റിലേയിൽ കോട്ടയം രണ്ടു സ്വർണം നേടിയപ്പോൾ പാലക്കാടിനും എറണാകുളത്തിനും മോഹിച്ച നേട്ടമുണ്ടാക്കാനായില്ല. എറണാകുളം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഓരോ സ്വർണം വീതം പങ്കിട്ടെടുത്തു. ഞായറാഴ്ച 27 ഫൈനലുണ്ട്. വൈകീട്ട് സമാപിക്കും. Content Highlights: State School Sports Meet 2018 Records
from mathrubhumi.latestnews.rssfeed https://ift.tt/2AuIayz
via
IFTTT
No comments:
Post a Comment