തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഇതുവരെ പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളിൽ 21 പേർ കുട്ടികൾ. കേരളത്തിലെ കുട്ടികൾക്കിടയിലെ രോഗബാധ ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചുമുതൽ രണ്ടാഴ്ച വീടുകൾ സന്ദർശിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.കൂടുതൽ രോഗികളെ കണ്ടെത്തിയ എട്ട് ജില്ലകളിലാണ് പരിശോധന. ഒരു ആശാവർക്കറും ഒരു പുരുഷ വൊളന്റിയറും വീടുകളിലെത്തി പരിശോധിക്കും. രോഗബാധ കണ്ടെത്തുന്നവർക്ക് ചികിത്സ നൽകും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പരിശോധന.2005-ൽ രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം പതിനായിരത്തിൽ ഒന്നിൽത്താഴെ മാത്രമാകുമ്പോഴാണ് രോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കുന്നത്. ഇപ്പോൾ കേരളത്തിൽ രോഗം കണ്ടെത്തിയിട്ടുള്ളത് പതിനായിരത്തിൽ 0.2 പേരിലാണ്. ഏതാനും വർഷങ്ങളായി ഈ നിരക്കിൽ മാറ്റമില്ല. രോഗികളുടെ എണ്ണത്തിൽ കുട്ടികളുടെ ശതമാനം കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 6.9-ൽനിന്ന് 9.42 ആയി വർധിച്ചതായി സംസ്ഥാന ലെപ്രസി ഓഫീസർ ഡോ. പദ്മലത പറഞ്ഞു. 2016-17-ൽ 36 കുട്ടികളിലും കഴിഞ്ഞവർഷം 49 കുട്ടികളിലുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 21 കുട്ടികളിൽ പുതുതായി രോഗബാധ കണ്ടെത്തി.രോഗബാധ കൊണ്ട് പ്രകടമായ വൈകല്യങ്ങൾ ഉണ്ടായശേഷം മാത്രം ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും കേരളത്തിൽ കൂടുന്നുണ്ട്. രോഗാരംഭത്തിൽ അല്ലാതെ, പകർച്ചശേഷിയുള്ള വിഭാഗമായ ശേഷമാണ് 60-70 ശതമാനം രോഗബാധയും സംസ്ഥാനത്ത് കണ്ടെത്താനാവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2PaM2wN
via
IFTTT
No comments:
Post a Comment