കടുത്ത മോദിവിരുദ്ധനായിരുന്ന എം.ജെ. അക്ബർ മോദിയുടെ അടുത്ത വിശ്വസ്തരിലൊരാളായത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അധികാരവും രാഷ്ട്രീയവും മാധ്യമപ്രവർത്തനവും കൂടിക്കുഴഞ്ഞ ഡൽഹി സമൂഹത്തിൽ ഇത്തരം കാഴ്ചകൾ പക്ഷേ, അപൂർവമായിരുന്നില്ല. മുസ്‌ലിങ്ങളെ വെറുക്കുന്ന ഹിറ്റ്‌ലർ എന്നായിരുന്നു ഗുജറാത്ത് കലാപകാലത്ത് എം.ജെ. അക്ബർ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. ഒരുകാലത്ത് രാജീവ്ഗാന്ധിയുടെ സുഹൃത്തും കോൺഗ്രസ് എം.പി.യും വക്താവുമായിരുന്ന അക്ബർ അന്ന് മതനിരപേക്ഷതയുടെ മുഖമായാണ് ദേശീയരാഷ്ട്രീയത്തിൽ അടയാളപ്പെട്ടിരുന്നത്. 1989-1991 കാലയളവിൽ ബിഹാറിലെ കിസാൻഗഞ്ചിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്നു അക്ബർ, ഇന്ത്യൻ മാധ്യമരംഗത്തിന്റെ അമരക്കാരിലൊരാളും. രാജീവിന്റെ മരണശേഷം ഏറെക്കാലം അക്ബർ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് അക്ബർ ബി.ജെ.പി.യിൽ ചേർന്നത്. പിന്നാലെ ദേശീയവക്താവായി നിയമിതനാവുകയും ചെയ്തു. അശോകാ റോഡിലെ ബി.ജെ.പി. ദേശീയാസ്ഥാനത്തിരുന്ന് അക്ബർ, അതുവരെ പറഞ്ഞതെല്ലാം തിരുത്തുകയും ബി.ജെ.പി.യെയും മോദിയെയും വാഴ്ത്തുകയും ചെയ്തു. ഇതോടെ ബി.ജെ.പി. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് ആക്കംകൂടി. രാജ്യസഭയിൽ ബി.ജെ.പി.ക്ക് ശക്തമായ സാന്നിധ്യമില്ലെന്നുകണ്ട് 2015-ൽ പാർട്ടി മധ്യപ്രദേശ് വഴി അക്ബറിനെ അംഗമാക്കി. 2016-ലെ പുനഃസഘടനയിലൂടെ കേന്ദ്രമന്ത്രിസഭയിലേക്കും പ്രവേശനം നൽകി.ഇസ്‌ലാമിക രാജ്യങ്ങളുടെ ചുമതലനൽകി വിദേശകാര്യസഹമന്ത്രിസ്ഥാനമാണ് അക്ബറിന് മോദി നൽകിയത്. പാർലമെന്റിലും പുറത്തും മോദിസർക്കാരിന്റെ മുസ്‌ലിം മുഖമായി അക്ബർ വളരെവേഗം വളർന്നു. മുത്തലാഖ് പോലെയുള്ള വിവാദവിഷയങ്ങളിൽ സർക്കാരിനായി സംസാരിക്കാൻ പാർട്ടി നിയോഗിച്ചത് അക്ബറിനെയാണ്.മന്ത്രിയെന്നനിലയിൽ വിവാദങ്ങൾക്കു വഴിതുറന്നില്ലെങ്കിലും ഭൂതകാലമാണ് അക്ബറിനെ വേട്ടയാടുന്നത്. മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്ന കാലത്തുതന്നെ ഇടനാഴികളിൽ ഉയർന്നുകേട്ട ചില ആരോപണങ്ങൾ ശക്തിപ്രാപിച്ച് പിന്നാലെയെത്തിയിരിക്കുന്നു.സാമൂഹികമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ കടുത്തപ്പോൾ, അക്ബറിന്റെയും ബി.ജെ.പി.യുടെയും മുഖം നഷ്ടമായി. വിദേശമാധ്യമപ്രവർത്തക അടക്കം 15 വനിതകളാണ് ആരോപണമുയർത്തിയത്. തിരഞ്ഞെടുപ്പ് വാതിൽക്കൽനിൽക്കെ രാജിവാങ്ങുകയല്ലാതെ നേതൃത്വത്തിനു മറ്റുമാർഗമുണ്ടായിരുന്നില്ല. ബിഹാർ സ്വദേശിയായ മൊബഷർ ജാവേദ് അക്ബർ എന്ന എം.ജെ. അക്ബർ വളർന്നതും പഠിച്ചതും കൊൽക്കത്തയിലാണ്. ടൈംസ് ഓഫ് ഇന്ത്യയിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം സൺഡെ രാഷ്ട്രീയ വാരികയുടെയും ദ ടെലിഗ്രാഫ്, ദ ഏഷ്യൻ ഏജ്, ദ സൺഡെ ഗാർഡിയൻ എന്നീ പത്രങ്ങളുടെയും സ്ഥാപക പത്രാധിപരാണ്. നെഹ്രു-ദ മേക്കിങ് ഓഫ് ഇന്ത്യ, കശ്മീർ ബിഹൈൻഡ് ദ വാലി, റയട്ട് ആഫ്റ്റർ റയട്ട് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/2yj4fyL
via
IFTTT
No comments:
Post a Comment