തലശ്ശേരി: തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് നൽകി യാത്രക്കാരന്റെ പണം കവർന്നു. ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തെ ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൊയ്തീൻ ഏറനാട് എക്സ്പ്രസ്സിൽ കയറാനായി രാവിലെ 10.30ന് തൃശ്ശൂർ പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോൾ ഒരു യുവാവ് പരിചയപ്പെട്ടു. അയാൾ നൽകിയ ചായ കുടിച്ചശേഷം ബോധം മറയുന്നതായി തോന്നി. അപ്പോൾ യുവാവ്‌തന്നെ വണ്ടിയിലേക്ക് കയറ്റിയിരുത്തിയതായി മൊയ്തീന് ഓർമയുണ്ട്. ഏറനാട് എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന പോലീസുകാരായ കെ.ശർമനും പി.ഷിജിലുമാണ് പയ്യോളിയെത്തിയപ്പോൾ മയങ്ങിക്കിടക്കുന്ന മൊയ്തീനെ കണ്ടത്. ഇവർ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെയും കൊണ്ട് മടങ്ങുകയായിരുന്നു. പോലീസുകാർ കുലുക്കി വിളിച്ചിട്ടും ഉണർന്നില്ല. അതോടെ പോലീസുകാർ സീറ്റിൽ താങ്ങിയിരുത്തി. അപ്പോൾ പാതി കണ്ണുതുറന്ന മൊയ്തീൻ, ഒരു യുവാവ് ചായയിൽ മയക്കുമരുന്ന് നൽകി തന്റെ കൈയിലെ പണം കവർന്നതായി പറഞ്ഞു. വീണ്ടും മൊയ്തീൻ അബോധാവസ്ഥയിലായി. പോലീസുകാർ ഉടൻ റെയിൽവേ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു. തലശ്ശേരിയിൽ ഇറക്കിയ മൊയ്തീനെ ആർ.പി.എഫ്. ഉദ്യോഗസ്ഥർ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ വെച്ചാണോ തീവണ്ടിയിൽ വെച്ചാണോ പണം കവർന്നതെന്ന് വ്യക്തമായിട്ടില്ല. പൂർണമായി ബോധം വീണ്ടെടുത്തശേഷമേ എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാനാവുകയുള്ളൂവെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2yrfPH4
via
IFTTT
No comments:
Post a Comment