തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറി, ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിലും ശബരിമല വിഷയത്തിലും ഉയര്‍ന്ന വിവാദങ്ങള്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റുകള്‍ അനുമതി ഇടതുമുന്നണി നയത്തിന്റെ വിരുദ്ധമല്ലെന്നും ഇതിനായി പത്രപരസ്യം നല്‍കുന്ന രീതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നടപ്പാക്കിയ സുപ്രീം കോടതി വിധി പാലിക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. പ്രതിപക്ഷനേതാവിന് അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ ഉന്നയിക്കാന്‍ പ്രാവിണ്യമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാരിന്‍െതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ പറ്റുമോ എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം പൂര്‍ണ്ണമായും ബിവ്‌റേജ്‌സ് കോര്‍പറേഷന് കൈമാറും .അവര്‍ വിതരണം ചെയ്യുന്നത് അനുസരിച്ച് സ്‌റ്റോക്ക് എടുക്കും.
ഇപ്പോള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തില്‍ എട്ടു ശതമാനവും ബിയറിന്റെ 40ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കോര്‍പറേഷന് ലഭ്യമാകുന്നത്. പുതുതായി ഉത്പാദനം ആരംഭിച്ചാല്‍ അത് ബിവറേജസ് കോര്‍പറേഷന് സ്വീകരിക്കേണ്ടിവരും. പുറത്തുനിന്നുള്ള വരവ് കുറയും. പുറത്തുനിന്ന് ഇവിടെ നല്‍കുന്ന കമ്പനികള്‍ക്ക് ചില്ലറ നഷ്ടം സംഭവിക്കും. അത് പ്രതിപക്ഷ നേതാവിനും അറിവുള്ള കാര്യമാണ്.
പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും വരുമ്പോള്‍ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കും. അതില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും വിരോധമുണ്ടോ? മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം. എല്ലാ ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ തുറക്കും. പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി ഡിസ്റ്റിലറിക്ക് അപേക്ഷ ക്ഷണിക്കുന്നത് സര്‍ക്കാരുകളുടെ നയമല്ല. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും അങ്ങനെ ചെയ്തിട്ടില്ല. അവരെയും പ്രതിസന്ധിയിലാക്കാനാണോ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
1999ല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്ന അപേക്ഷകളെ അടിസ്ഥാനമാക്കി മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. 1999ല്‍ വിനോദ് റായ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുതായി ഡിസ്റ്റിലറികള്‍ സംസ്ഥാനത്ത് അനുവദിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഒരിക്കലും ഡിസ്റ്റിലറി നല്‍കേണ്ടതില്ല എന്നല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല പ്രവേശനത്തില്‍ കോടതിവിധി പാലിക്കും. റിവ്യൂ ഹര്‍ജി നല്‍കില്ല. കോടതി ഉത്തരവുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. നിയമവ്യവസ്ഥയ്‌ക്കൊപ്പം മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ. സ്ത്രീപ്രവേശനം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. തന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകളാരും ശബരിമലയില്‍ പോകില്ലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറിന്റെ പ്രസ്താവന സ്വന്തം അഭിപ്രായമായി കണ്ടാല്‍ മതി. ദേവസ്വംബോര്‍ഡിന്റെ എല്ലാ പ്രസ്താവനകളും സര്‍ക്കാരിന്റെ അഭിപ്രായമല്ല. ദേവസ്വംബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് അറിയില്ലെന്നും അത്തരത്തില്‍ സര്‍ക്കാരിന് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from mangalam.com https://ift.tt/2DPeiRj
via IFTTT
No comments:
Post a Comment