പമ്പ: ശബരിമലയില്‍ ഇന്നുമാത്രം സന്ദര്‍ശിച്ചത് നാലു സ്ത്രീകള്‍. ഭക്തപ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ നാലുപേരും തിരികെപ്പോകുകയായിരുന്നു. ഇവരെല്ലാവരും ഒറ്റ തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ്.
തെലങ്കാനയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരില്‍ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
രാവിലെ ഒമ്പതേമുക്കാലോടെയാണ് വാസന്തി, ആദിശേഷി എന്നീ രണ്ട് സ്ത്രീകള്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മല കയറാന്‍ തുടങ്ങിയത്. എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോയപ്പോഴേയ്ക്ക് ഒരു സംഘമാളുകള്‍ ചുറ്റുംകൂടി ശരണം വിളി തുടങ്ങി. തെലുങ്ക് മാത്രമറിയാവുന്ന ഇവര്‍ക്ക് പ്രതിഷേധക്കാര്‍ പറയുന്നതൊന്നും മനസ്സിലായില്ല. തുടര്‍ന്ന് പൊലീസെത്തി ഇവരെ ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റി. നാല്‍പ്പത്തി രണ്ടും നാല്‍പ്പത്തിയഞ്ചുമായിരുന്നു പ്രായം.
സംരക്ഷണം ആവശ്യമെങ്കില്‍ തരാമെന്നും എന്നാല്‍ എതിര്‍പ്പുണ്ടാകുമെന്നും പൊലീസ് അറിയിച്ചതോടെ ഇവര്‍ മല കയറുന്നതില്‍ നിന്ന് പിന്‍മാറി. ഇവരെ പൊലീസ് സംരക്ഷണത്തോടെ ജീപ്പില്‍ കയറ്റി താഴെ പമ്പയിലെത്തിച്ച് തിരിച്ചയച്ചു. മരക്കൂട്ടത്ത് വച്ചാണ് മറ്റൊരു സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ഡോളിയില്‍ കയറി വന്നതിനാല്‍ ഇവര്‍ക്ക് പ്രായം കുറവാണെന്ന് ആദ്യം മനസ്സിലായില്ലെന്ന് തടഞ്ഞവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇവരോട് പ്രായം തിരക്കി. ഐഡി കാര്‍ഡ് പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവര്‍ക്ക് മുന്നില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
പമ്പയില്‍ വച്ചാണ് നാലാമത്തെ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ശരണം വിളികളുമായി ഇവരുടെ ചുറ്റും ആളുകള്‍ കൂടിയതോടെ പൊലീസുകാരെത്തി ഇവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
പമ്പയിലും സന്നിധാനത്തും ഉള്‍പ്പെടെ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
from mangalam.com https://ift.tt/2q4Raoi
via IFTTT
No comments:
Post a Comment