പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ 10-ാം വാർഡിൽ ഉൾപ്പെടുന്നതാണ് ബിയർ ഫാക്ടറി (ബ്രൂവറി) അനുവദിച്ച പോക്കാന്തോട്പ്രദേശം. അഞ്ചുവർഷംമുമ്പുവരെ കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ആവശ്യമായ വെള്ളം പോക്കാന്തോടുകാർക്ക് ഉണ്ടായിരുന്നു. എന്നാൽ, കാലാവസ്ഥാമാറ്റം ഇവരെ ദുരിതത്തിലാക്കി. പ്രദേശത്തെ വീടുകളിലെ കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 750 അടിയോളം താഴ്‌ത്തിയിട്ടും പല കുഴൽക്കിണറുകളിലും വെള്ളത്തിന്റെ ചെറു ഉറവപോലം ഉണ്ടായില്ല. മഴക്കാലത്തുപോലും കുടിവെള്ളം ലോറിയിലെത്തിക്കേണ്ട അവസ്ഥയാണ് ഇവിടെ. ജലക്ഷാമം രൂക്ഷമായതോടെയാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കൗസപ്പാറ-കിണ്ടിമുക്കാംചള്ള മിനി കുടിവെള്ളപദ്ധതിക്ക് തുടക്കംകുറിച്ചത്. നാലുദിവസം കൂടുമ്പോഴാണ് പന്പിങ്. ഇവിടത്തെ 500ഒാളം വീടുകളിൽ വെള്ളമെത്തിക്കുന്നത് ഇൗ കുടിവെള്ളപദ്ധതിയിൽ നിന്നാണ്. ഇത്രയുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്താണ് പ്രതിവർഷം അഞ്ച് ഹെക്ടോലിറ്റർ ബിയർ ഉത്പാദിപ്പിക്കുന്ന ബ്രൂവറി സ്ഥാപിക്കാനൊരുങ്ങുന്നത്.വെള്ളമില്ലാതായതോടെ കൃഷിയും കുറഞ്ഞുആയിരത്തിൽത്താഴെ ജനസംഖ്യയുള്ള എലപ്പുള്ളി പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ് പോക്കാന്തോട്. നിലക്കടലയും നെല്ലും കൃഷിചെയ്തിരുന്ന നാട്. വെള്ളമെത്താതായതോടെ കൃഷിചെയ്യുക ദുഷ്കരമായി മാറി. പ്രധാന കർഷകർപോലും കൃഷി ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കഴിഞ്ഞ പ്രളയകാലത്താണ് പോക്കാന്തോട് അല്പം തണുത്തത്. അന്ന് പെയ്ത മഴയുടെ ബാക്കിയായി അല്പം വെള്ളം ഇവിടത്തെ കിണറുകളിൽ അവശേഷിക്കുന്നുണ്ട്. മഴനിഴൽപ്രദേശം കൂടിയായ ഇവിടെ സംസ്ഥാനശരാശരിയിലും കുറവാണ് മഴ.പോക്കാന്തോടുകാരനായ മൂർത്തിയുടെ പറമ്പിൽ തെങ്ങുകളെല്ലാം ഉണങ്ങിനിൽക്കയാണ്. നെല്ലും പച്ചക്കറിയും കൃഷി ചെയ്തിരുന്ന രണ്ടേക്കർ ഇന്ന് തരിശുഭൂമിയാണ്. പറമ്പിന്റെ മൂലകളിൽ വെള്ളമില്ലാതെ ഉപയോഗശൂന്യമായ കുഴൽക്കിണറുകളുണ്ട്. പാരമ്പര്യ കൃഷിക്കാരാണ് മൂർത്തിയുടെ കുടുംബം. എന്നാൽ, വെള്ളം കിട്ടാതായതോടെ കൃഷി ചെയ്യുന്നില്ല. 1993-ൽ കുഴിച്ച കുഴൽക്കിണറായിരുന്നു 15വർഷം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ജലനിരപ്പ് താഴ്‌ന്നതോടെ വെള്ളം കിട്ടാതായി. 2017-ൽ കുഴിച്ച 750 അടിയുള്ള കുഴൽക്കിണറിൽ വെള്ളം കിട്ടിയതേയില്ല. 50-തിലധികം കുഴൽക്കിണറുകൾ ഇത്തരത്തിൽ പ്രദേശത്ത് ഉപയോഗശൂന്യമായുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബ്രൂവറി അനുവദിച്ച പോക്കാന്തോട് പരുക്കലൂറ്റ് ചള്ളയിൽ നിന്ന് നൂറുമീറ്റർമാറിയുള്ള പോക്കാന്തോട് ജി.എൽ.പി.എസ്സിൽ വറ്റാത്ത വെള്ളമുള്ള കുഴൽക്കിണറുണ്ട്. 50വർഷമായി ഇവിടെ വെള്ളത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് സ്കൂൾ പ്രധാനാധ്യാപിക പറയുന്നു. പ്രീ-പ്രൈമറിമുതൽ നാലാംക്ലാസ് വരെ 42 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബ്രൂവറിവന്ന് വെള്ളമൂറ്റിത്തുടങ്ങിയാലത്തെ കാര്യത്തിൽ ഇവർക്കും ആശങ്കയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Ri5Nkw
via
IFTTT
No comments:
Post a Comment