ന്യൂഡൽഹി: ഡൽഹിയിലേക്ക് മാർച്ചുചെയ്യുകയായിരുന്ന കർഷകരെ ഗാസിയാബാദിൽ ലാത്തിച്ചാർജ് ചെയ്തതിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി.ലോകം അഹിംസാദിനം ആചരിക്കുമ്പോൾ സമാധാനപരമായി ജാഥനടത്തിയവരെ വളഞ്ഞിട്ടു തല്ലുകയാണ് ബി.ജെ.പി. ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിമർശിച്ചു. ബി.ജെ.പി. അവരുടെ ഗാന്ധിജയന്തി ആഘോഷം നടത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് അവർക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കർഷകർക്കെതിരായ പോലീസ് നടപടി തെറ്റാണെന്നും അവരെ ഡൽഹിയിൽ എത്താൻ അനുവദിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഡൽഹി എല്ലാവരുടേതുമാണെന്നും തങ്ങൾ കർഷകർക്ക് ഒപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.കർഷകസമരത്തിന് പൂർണപിന്തുണയുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലഖ്‌നൗവിൽ വ്യക്തമാക്കി. നാലുവർഷത്തിനിടെ രാജ്യത്ത് 50,000-ത്തോളം കർഷകർ ആത്മഹത്യ ചെയ്തുവെന്നും ഇതിൽ ഭൂരിഭാഗവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. എന്നാൽ, കർഷകരുടെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അതു പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സ്വാതന്ത്ര്യം നേടിയശേഷം കർഷകരുടെ പ്രശ്നത്തെ ഏറ്റവും ഗൗരവമായെടുത്ത സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നും ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2xTHama
via
IFTTT
No comments:
Post a Comment