ലക്‌നൗ: എസ്‌ഐ ആയി സേതുമാധവന്‍ എത്തുമ്പോള്‍ സല്യൂട്ട് അടിക്കുന്ന കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെ ഓര്‍മ്മയില്ലെ. മലയാളത്തിലെ വന്‍ ഹിറ്റായ കിരീടം സിനിമയില്‍ അച്യുതന്‍നായര്‍ കണ്ട ആ പുലര്‍കാല സ്വപ്നത്തിന് സമാനമാണ് ലക്‌നൗവിലെ ജനാര്‍ദ്ധന്‍ സിംഗിന്റെയും മകന്‍ അനൂപ് കുമാര്‍ സിംഗിന്റെയും ജീവിതം. ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥയില്‍ കോണ്‍സ്റ്റബിളായ ജനാര്‍ദ്ദന്‍ സിംഗ് ഐപിഎസ് ഉദ്യോഗസ്ഥനായ അനൂപ് കുമാര്‍ സിംഗിന് സല്യൂട്ട് അടിച്ചു.
ഉത്തര്‍പ്രദേശിലെ വിഭൂതിഖണ്ഡ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ജനാര്‍ദ്ദന്‍ സിംഗ് നഗരത്തിലെ എസ്പിയായി ചുമതലയേറ്റ മകന്‍ അനൂപ് കുമാര്‍ ശനിയാഴ്ച ആദ്യമായി സ്‌റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഔദ്യോഗികമായ ആദ്യ സല്യൂട്ട് ഉശിരനായി നല്‍കിയത്. ഐപിഎസുകാരനായ മകനെ അങ്ങിനെ കണ്ടപ്പോള്‍ ആദ്യ പ്രതികരണം എങ്ങിനെയായിരുന്നു എന്ന ചോദ്യത്തിന് ''അവന്‍ ആദ്യം എന്റെ ഓഫീസറാണ്. അവന്റെ നിര്‍ദേശങ്ങള്‍ ഞാന്‍ അനുസരിക്കേണ്ടതുണ്ട്. പിന്നെയാണ് മകന്‍'' എന്നായിരുന്നു ജനാര്‍ദ്ദന്‍ സിംഗിന്റെ മറുപടി. ബന്ധങ്ങള്‍ ജോലിയെ ഒരു തരത്തിലും ബാധിക്കരുത് എന്നതിനാണ് താന്‍ പ്രഥമ പരിഗണന കൊടുക്കുന്നതെന്നും അപ്പനും മകനും വീട്ടിലാണെന്നും പറയുന്നു.
2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനൂപ് ലക്‌നൗ എസ്പിയായി ചുമതലയേറ്റ ശേഷം പിതാവിനെ കാണാനായി സ്‌റ്റേഷനില്‍ എത്തിയത്. പിതാവ് തന്റെ ഏറ്റവും വലിയ പ്രചോദനമാണെന്നാണ് അനൂപ് പറയുന്നത്. എല്ലാദിവസവും തുടങ്ങുന്നത് അദ്ദേഹത്തിന്റെ പാദത്തില്‍ സ്പര്‍ശിച്ചു കൊണ്ടായിരുന്നു. എന്തു ചെയ്താലും അത് പൂര്‍ണ്ണ ഹൃദയത്തോടെ ചെയ്യണമെന്ന് അച്ഛന്‍ എപ്പോഴും പറയും. ഒരു പൂന്തോട്ട കാവല്‍ക്കാരനായിട്ടാണ് ജോലി ചെയ്യുന്നതെങ്കില്‍ ഓരോ ചെടിയേയും സ്വന്തം കുഞ്ഞിനെ പോലെ പരിചരിക്കണമെന്ന് അദ്ദേഹം പറയും. അദ്ദേഹത്തിന്റെ തത്വങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ എന്നും ശ്രമിച്ചിരുന്നു.
കുട്ടിക്കാലത്ത് തന്നെയും സഹോദരി മധുവിനേയും ബാരാബങ്കിയിലെ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത് അദ്ദേഹത്തിന്റെ സൈക്കിളില്‍ മുന്നിലും പിന്നിലും ഇരുത്തിയാണ്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പോലും ഞങ്ങളുടെ പഠനത്തിന് ബുദ്ധിമുട്ട് നേരിടാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. സ്‌കൂള്‍ ഫീസും ബുക്കും പുസ്തകവും വേണ്ടസമയത്ത് തന്നെ എത്തിക്കുമായിരുന്നു. ഡ്യൂട്ടിക്ക് പോയികഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങളോളം കാണുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ പഠിക്കുന്നുണ്ടോ സ്‌കൂളില്‍ എന്തു ചെയ്യുന്നു എന്നെല്ലാം നഗരത്തിലുള്ളവരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞിരുന്നു.
വിവാഹിതനായ അനൂപും ഭാര്യ അന്‍ശൂലും ഒരു വയസ്സുള്ള മകളും മാതാപിതാക്കള്‍ക്കൊപ്പം ലക്‌നൗവിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പ്രതാപ്ഗറിലാണ് മകള്‍ മധുവിനെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്. വീട്ടില്‍ എസ്പിയും കോണ്‍സ്റ്റബിളും ഇല്ല. ഒരേ ടേബിളില്‍ ഇരുന്ന് എല്ലാവരും ഒരുമിച്ചാണ് പ്രാതലും അത്താഴവുമെല്ലാം കഴിക്കുന്നത്. അതേസമയം അനൂപ് ഒരിക്കലും ഐപിഎസ് ഉദ്യോഗസ്ഥനാകുമെന്ന് കരുതിയിരുന്നില്ല എന്നാണ് മാതാവ് കാഞ്ചന്‍ പറയുന്നത്. സ്‌കൂളില്‍ സ്‌പോര്‍ട്‌സിലും മറ്റു പരിപാടികളിലൂമെല്ലാം അനൂപ് മുന്നിലായിരുന്നു. ജോഗ്രഫിയില്‍ ബിരുദാനന്തര ബിരുദം ചെയ്യാന്‍ ജെഎന്‍യുവിലെ എന്‍ട്രന്‍സ് പരീക്ഷ പാസ്സായപ്പോള്‍ മുതലാണ് മകന്റെ മികവ് തിരിച്ചറിഞ്ഞതെന്ന് ഇവര്‍ പറയുന്നു.
from mangalam.com https://ift.tt/2qhABWa
via IFTTT
No comments:
Post a Comment