കുതിരാൻ: മന്ത്രി ജി. സുധാകരന്റെ അന്ത്യശാസനത്തിന് ഫലമുണ്ടായി. സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയിൽ കുതിരാനിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി.മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി പൊതുമരാമത്തുമന്ത്രി കരാർ കമ്പനിക്കു നൽകിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. മിന്നൽവേഗത്തിൽ നടത്തിയ നിർമാണം കൊണ്ട് പാത മെച്ചപ്പെട്ടു. കാര്യമായ കുരുക്കിൽപ്പെടാതെ ഇപ്പോൾ കുതിരാൻ കടക്കാം. എന്നാൽ, എല്ലായിടത്തും ടാറിടൽ പൂർത്തിയായിട്ടില്ല. തകർന്ന ഭാഗങ്ങളിൽ പൂർണമായി ടാറിടൽ നടത്താനും മറ്റിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി പാത ഗതാഗതയോഗ്യമാക്കാനുമായി 15 ദിവസമാണ് കഴിഞ്ഞ 25-ന് മന്ത്രി നൽകിയത്. കമ്പനിയുടെ അനാസ്ഥ കാരണം അപകടങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 60 പേരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് സാമാജികരും കമ്പനിക്കെതിരെ തിരിഞ്ഞു. നാട്ടുകാരനായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചർച്ച സജീവമാക്കി. അവസാനം കമ്പനിക്ക് മന്ത്രി അന്ത്യശാസനം നൽകുകയായിരുന്നു. അഞ്ചര കിലോമീറ്റർ റോഡിൽ ഒരു കിലോമീറ്റർ ടാറിടൽ ബാക്കിയുണ്ട്. ടാർ മിക്സിങ് പ്ലാന്റ് തകരാറിലായതും മഴയും പണികളെ ബാധിച്ചു. തിടുക്കത്തിലുള്ള നിർമ്മാണം ഗുണനിലവാരം കുറയ്ക്കുകയും ചെയ്തു. കുതിരാൻ മേഖലയിൽ ടാറിട്ട പലഭാഗത്തും കുഴികൾ രൂപപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ കുതിരാൻ, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷൻ, മുടിക്കോട്, മുളയം റോഡ്, മണ്ണുത്തി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എന്നിവിടങ്ങളിൽ പൂർണമായും ടാറിടൽ നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, പത്തിനകം പണി തീർക്കുന്നതിനായി മുടിക്കോട്, മുളയം റോഡ് എന്നിവിടങ്ങളിൽ കുഴിയടക്കൽ മാത്രമാണ് ചെയ്തത്. വഴുക്കുമ്പാറയിൽ പൂർണമായും ടാറിടൽ നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2QGZtSk
via
IFTTT
No comments:
Post a Comment