നിലയ്ക്കൽ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ പോലീസ് ലാത്തിവീശി. നിലയ്ക്കൽ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി. രാവിലെ മുതൽ തന്നെ വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ. ബസുകളിൽ നിന്ന് യുവതികളേയും വനിതാ പോലീസ് ഉദ്യോഗസ്ഥരേയും സമരക്കാർ ഇറക്കി വിടുന്നുണ്ടായിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ലാത്തിച്ചാർജിനിടെയും പോലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നിൽ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാർജ് നടത്തിയത്.നിലയ്ക്കൽ രണ്ടാം ഗേറ്റിനടത്തും സംഘർഷം പടരുകയാണ്. തുടർന്ന് ഇവിടേയും പോലീസ് ലാത്തിച്ചാർജ് നടത്തി. പോലീസ് നടപടി തുടരുകയാണ്. ലാത്തിച്ചാർജിനെ തുടർന്ന് ജനങ്ങൾ പിരിഞ്ഞ് പോയെങ്കിലും വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് നേരം വ്യാപക ആക്രമണമാണ് നടക്കുന്നത്. നിരവധി ചാനലുകളുടെ ക്യാമറകളും വാഹനങ്ങളും സമരക്കാർ അടിച്ച് തകർത്തു. ഷീറ്റു കെട്ടി മറച്ച് കടന്നു പോകുകയാരുന്ന ട്രാക്ടറിൽ യുവതികളെ ഒളിച്ചു കടത്തുകയാണെന്ന സംശയത്തിൽ തടഞ്ഞു പരിശോധിച്ചു. ഇതിൽ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ രംഗങ്ങൾ പകർത്താൻ ശ്രമിച്ച ദേശീയ ചാനലിന്റെ ക്യാമറാമാനെ സമരക്കാർ അക്രമിച്ചു. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവർക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടർന്നാണ് സമരം അക്രമാസക്തമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2QWgng2
via
IFTTT
No comments:
Post a Comment