തിരുവനന്തപുരം: പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് തുലാമാസ പൂജമുതൽ ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് മതിയായ സൗകര്യം ഉറപ്പാക്കാൻ സർക്കാരും ദേവസ്വംബോർഡും ഒരുങ്ങുന്നു. സ്ത്രീകൾക്ക് വിരിവെക്കാനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കുമെങ്കിലും ദർശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ 25 ശതമാനം സീറ്റുകൾ ഇവർക്കായി ഒഴിച്ചിടും. സന്നിധാനത്തെ തിരക്ക് കുറച്ച് അയ്യപ്പദർശനം സുഗമമാക്കാൻ കേരള പോലീസിന്റെ ഇപ്പോഴുള്ള വെർച്വൽ ക്യൂ സജീവമാക്കാനും തിരുപ്പതി ക്ഷേത്രമാതൃകയിൽ ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സന്നിധാനത്ത് സ്ത്രീകൾക്ക് പ്രത്യേകം ക്യൂ പ്രായോഗികമാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കുടുംബവുമായി വരുന്ന സ്ത്രീകൾ ഒറ്റപ്പെടാൻ സാധ്യതയുള്ളതിനാലാണിത്. മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. കേരളത്തിനുപുറത്ത് പല ക്ഷേത്രങ്ങളിലുമുള്ള ഡിജിറ്റൽ ബുക്കിങ് ഇവിടെ നടപ്പാക്കാനാണ് തീരുമാനം. ഇതേപ്പറ്റി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുമെന്ന് ദേവസ്വംബോർഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗതീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മറ്റു തീരുമാനങ്ങൾ: * ഡിജിറ്റൽ ബുക്കിങ് വന്നാൽ ഓരോ ദിവസവും എത്രപേർ എത്തിച്ചേരുമെന്ന് മുൻകൂട്ടി അറിയാനാവും. അത് സുരക്ഷയൊരുക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ പതിനെട്ടാംപടിയിലും വനിതാപോലീസിന്റെ സേവനം ലഭ്യമാക്കും. ഇടത്താവളങ്ങളിലും വനിതാ പോലീസുകാരെ വിന്യസിക്കും. * നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കും. * നിലയ്ക്കലിൽ ആറായിരം പേർക്ക് വിരിവെക്കാനുള്ള ക്രമീകരണമാണ് ആലോചിച്ചിരുന്നത്. ഇത് പതിനായിരമാക്കും. * സ്ത്രീകൾക്ക് വിരിവെക്കാൻ പ്രത്യേകം സ്ഥലം നീക്കിവെക്കും. കക്കൂസുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. സ്ത്രീ ടോയ്ലറ്റുകൾക്ക് പ്രത്യേകം നിറംനൽകി വേർതിരിക്കും. പമ്പ-സന്നിധാനം പാതയിൽ സ്ത്രീസൗഹൃദ ടോയ്ലറ്റുകൾ ഒരുക്കും. * വിശുദ്ധി സേനയിൽ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തും. വനിതാ പോലീസുകാരെ വിട്ടുനൽകാമെന്ന് മറ്റ് സംസ്ഥാനങ്ങൾ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. * എല്ലാ തീർഥാടകരും ദർശനം കഴിഞ്ഞാലുടൻ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് മടങ്ങണമെന്നാണ് സർക്കാരിന്റെ അഭ്യർഥന. രാത്രിയിൽ സന്നിധാനത്ത് തീർഥാടകർ തങ്ങുന്നത് തിരക്ക് കൂട്ടും എന്നതിനാലാണിത്. * ദർശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വർധിപ്പിക്കുന്ന കാര്യം തന്ത്രിയുമായി ചർച്ചചെയ്യും. * ഇത്തവണത്തെ തീർഥാടനം പൂർണമായും പ്ലാസ്റ്റിക് രഹിതമായിരിക്കും. കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. * കെ.എസ്.ആർ.ടി.സി. നിലയ്ക്കലിൽ സ്ത്രീകൾക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങളുണ്ടാക്കും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം സ്ത്രീകൾക്കാണ്. വനിതാ കണ്ടക്ടർമാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. * കൂടുതൽ വനഭൂമി ലഭ്യമാക്കാൻ സുപ്രീംകോടതിവഴി ശ്രമിക്കും. ഒരുക്കങ്ങളെക്കുറിച്ച് ഹൈക്കോടതി നിലപാട് തേടി കൊച്ചി: എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ, ശബരിമലയിലൊരുക്കുന്ന അധിക സൗകര്യത്തെക്കുറിച്ച് ഹൈക്കോടതി ദേവസ്വംബോർഡിനോട് വിശദീകരണം തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ മുൻ റിപ്പോർട്ടിൽ ശുപാർശചെയ്ത ഉന്നതതല സുരക്ഷാസമിതിയിൽ, ഐ.പി.എസ്. ഉദ്യോഗസ്ഥയെക്കൂടി ഉൾപ്പെടുത്താനും നിർദേശിച്ചു. എസ്.പി. റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നാണ് സർക്കാരിനുള്ള നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/2NUZpkZ
via
IFTTT
No comments:
Post a Comment