അമൃത്സര്‍: ദസറാ ആഘോഷത്തിനിടയില്‍ ട്രെയിന്‍പാഞ്ഞുകയറി 61 പേര്‍ മരിച്ച സംഭവത്തില്‍ ലോക്കോപൈലറ്റ് അടിയന്തിരമായി വിവരം കൈമാറിയത് അടുത്ത സ്‌റ്റേഷനില്‍ എത്തിയപ്പോള്‍. ട്രാക്കില്‍ നിന്ന അനേകരെ ട്രെയിന്‍ ഇടിച്ചെന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് അമൃത്സര്‍ സ്‌റ്റേഷനില്‍ വിളിച്ചു പറയുകയായിരുന്നു. ലോക്കോ പൈലറ്റിനെ പോലീസ് ചോദ്യം ചെയ്തു.
ട്രാക്കില്‍ നിന്നും വെറും 200 മീറ്റര്‍ മാറിയായിരുന്നു രാവണന്റെ കോലം കത്തിച്ചത്. വെടിക്കെട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ സംഭവം കാണാനായി അനേകര്‍ ട്രാക്കില്‍ നില്‍പ്പുണ്ടായിരുന്നു. തനിക്ക് ട്രെയിന്‍ കടന്നു പോകാനുള്ള ക്‌ളീയര്‍ ഗ്രീന്‍ സിഗ്നലാണ് കിട്ടിയതെന്നും ട്രെയിന്‍ ഇതിലേ കടന്നു പോകുന്നതിന് മുമ്പ് നൂറു കണക്കിന് പേര്‍ ട്രാക്കില്‍ നില്‍പ്പുണ്ടെന്ന് തനിക്ക് യാതൊരു വിവരവും കിട്ടിയിരുന്നില്ലെന്നും റെയില്‍വേ പോലീസും പഞ്ചാബ് പോലീസും നടത്തിയ ചോദ്യം ചെയ്യലില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കി.
ലുധിയാനാ റെയില്‍വേ സ്‌റ്റേഷന്‍ ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ഡ്രൈവറേയും ചോദ്യം ചെയ്തിരുന്നു. ജോറ പഥകില്‍ നിയോഗിക്കപ്പെട്ടിരുന്ന ലൈന്‍മാനും ദസറാ ആഘോഷം നടക്കുന്ന വിവരം ഡിഎംയു ഡ്രൈവറെ അറിയിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആള്‍ക്കാര്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ട ക്‌ളിപ്പുകളില്‍ ട്രെയിന്‍ വരുന്നത് കണ്ട് ഓടിമാറാന്‍ ആള്‍ക്കാര്‍ ശ്രമിക്കുന്നതും ട്രെയിന്‍ തട്ടിവീഴുന്നതും മറ്റുമുണ്ട്.
വെറും 10-15 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ട്രെയിന്‍ കടന്നുപോയി. വെറും 100 മീറ്റര്‍ അകലത്തിലായിരുന്നു കോലം നാട്ടിയിരുന്നത്. അത് കത്തി വീണതാകട്ടെ റെയില്‍വേഗേറ്റില്‍ നിന്നും വെറും 70-80 മീറ്റര്‍ അകലത്തിലുമായിരുന്നു. കോലം കത്തിവീഴുമ്പോള്‍ ആള്‍ക്കാര്‍ ഓടിയത് റെയില്‍വേ ഗേറ്റിന് അടുത്തേക്കും ട്രാക്കിലേക്കുമായിരുന്നു. ഈ സമയത്ത് ഇവിടെ ട്രെയിന്‍ കടന്നു പോകാന്‍ ലെവല്‍ക്രോസ് അടച്ചിട്ടിരിക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2q3g6MH
via IFTTT
No comments:
Post a Comment