ന്യൂഡല്‍ഹി: വര്‍ഗ്ഗീയ കലാപത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായ ഗുജറാത്തില്‍ തെരുവുകള്‍ കത്തിയെരിയുമ്പോള്‍ ഇടപെടാന്‍ വിളിക്കപ്പെട്ട സൈനികര്‍ക്ക് മതിയായ ഗതാഗത സൗകര്യം കിട്ടാതെ ഒരു ദിവസം മുഴുവനും സൈനികതാവളത്തില്‍ കാത്തുകിടക്കേണ്ടി വന്നെന്ന് വെളിപ്പെടുത്തല്‍. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ സാന്നിദ്ധ്യത്തില്‍ അഹമ്മദാബാദില്‍ പുലര്‍ച്ചെ 2 മണിക്ക് അത്യാവശ്യം വേണ്ട വസ്തുക്കളുടെ പട്ടിക ലെഫ്‌നന്റ് ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ നല്‍കുകയുണ്ടായെങ്കിലും കലാപം രക്തരൂക്ഷിതമായ വേളയില്‍ 24 മണിക്കൂറുകള്‍ സൈനികര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ സൈനികതാവളത്തില്‍ ഇരിക്കേണ്ടി വന്നത്രേ.
ഫെബ്രുവരി 28 ന് കലാപമുണ്ടായ രാത്രിയില്‍ അഹമ്മദാബാദ് വ്യോമതാവളത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പിറ്റേന്ന് മാര്‍ച്ച് 1 ന് രാവിലെ ഏഴു മണി മുതല്‍ ഒരു ദിവസം 3000 സൈനികര്‍ക്കാണ് കാത്തു നില്‍ക്കേണ്ടി വന്നത്. ഗുജറാത്ത് ഭരണകൂടം കലാപം നിയന്ത്രിക്കാന്‍ എത്തിയ വ്യോമസേനയ്ക്ക് വാഹനങ്ങളോ മറ്റ് ഗതാഗത സംവിധാനങ്ങളോ ഒരുക്കാന്‍ കൂട്ടാക്കിയില്ല. ഈ സമയത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ കലാപത്തില്‍ കൊല ചെയ്യപ്പെടുകയും വീടുകള്‍ കത്തിയെരിയപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഒക്‌ടോബര്‍ 13 ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യുന്ന 'ദി സര്‍ക്കാരി മുസല്‍മാന്‍' എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ വിരമിച്ച സൈനിക തലവന്‍ പറയുന്നത്.
ഗുജറാത്ത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2002 ഫെബ്രുവരി 28 നായിരുന്നു പ്രതിരോധ മന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയം സൈനീക വിന്യാസത്തിന് ഉത്തരവിട്ടത്. കലാപം അടിച്ചമര്‍ത്താന്‍ രാത്രി തന്നെ തയ്യാറാകാനായിരുന്നു സൈനിക തലവന്‍ ജനറല്‍ എസ് പദ്മാനാഭന്റെ നിര്‍ദേശം. എന്നാല്‍ റോഡ്മാര്‍ഗ്ഗം രണ്ടു ദിവസം വേണ്ടിവരുസഞ്ചരിച്ചാല്‍ രണ്ടു ദിവസം വേണ്ടിവരുമെന്നതിനാല്‍ ജോധ്പൂരില്‍ നിന്നും വ്യോമമാര്‍ഗ്ഗം പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം നടപടി വേണ്ട കാര്യത്തിന് എത്രയും വേഗത്തില്‍ പരമാവധി സൈനികരെ ഉപയോഗിക്കാനായിരുന്നു നിര്‍ദ്ദേശം. അവശ്യ വസ്തുക്കളുടെ പട്ടിക കൈമാറുകയും ചെയ്തു.
അഹമ്മദാബാദിലെ വ്യോമതാവളത്തില്‍ ഇരട്ടിലും പൊടിയിലുമായിരുന്നു എത്തിയത്. തങ്ങള്‍ക്ക് വേണ്ട വാഹനങ്ങളും മറ്റു സംവിധാനങ്ങളും എവിടേ എന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ സജ്ജമാക്കുന്നതേയുള്ളൂ എന്നായിരുന്നു കിട്ടിയ മറുപടി. ഏറ്റവും നാശമുണ്ടായത് ഫെബ്രുവരി 28 ന്റെ രാത്രിയിലും മാര്‍ച്ച് 1 നുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി മാര്‍ച്ച് 1 ന് പുലര്‍ച്ചെ 2 മണിക്ക് തന്നെ കൂടിക്കാഴ്ച നടന്നെങ്കിലും നേരം പുലര്‍ന്ന് വാഹനം കിട്ടാതെ ഒരു ദിവസം മുഴുവന്‍ സൈനികര്‍ക്ക് വ്യോമതാവളത്തില്‍ തന്നെ കഴിയേണ്ടി വന്നു. എല്ലാം റെഡിയായതാകട്ടെ രണ്ടാം തീയതിയും. അപ്പോഴേയ്ക്ക് നടക്കേണ്ടതെല്ലാം നടന്നു കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.
സമയത്ത് വാഹനങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാമായിരുന്നു. അതേസമയം തങ്ങള്‍ 48 മണിക്കൂറില്‍ ചെയ്ത കാര്യങ്ങള്‍ പോലും പോലീസ് കലാപം നടന്ന ആറു ദിവസം ചെയ്തില്ലെന്നും പറയുന്നു. അക്രമികള്‍ വീടും തെരുവും അഗ്നിക്കിരയാക്കുമ്പോള്‍ പോലീസുകാര്‍ നിശബ്ദരായി നോക്കി നിന്നു. ചെയ്യേണ്ട കാര്യങ്ങള്‍ പോലു മറന്ന് ആരേയൂം തടയാതെ ഒരു നടപടിയും എടുക്കാന്‍ അവര്‍ തയ്യാറായില്ല. ന്യൂനപക്ഷ മേഖലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചിട്ടും പോലീസ് അനങ്ങിയില്ല.
അതുകൊണ്ടു തന്നെ ന്യുനപക്ഷങ്ങള്‍ എല്ലായ്‌പ്പോഴും അക്രമികളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു. തികച്ചും സങ്കുചിതവും നീതിവിരുദ്ധവുമായിരുന്നു കാര്യങ്ങള്‍. മാര്‍ച്ച് 4 ന് 48 മണിക്കൂറുകള്‍ കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ നിര്‍ണ്ണായകമായ മണിക്കൂറുകള്‍ നഷ്ടമായിരുന്നില്ല എങ്കില്‍ മാര്‍ച്ച് 2 ന് തീരുമായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ആരെയെങ്കിലൂം പ്രത്യേകമായി കുറ്റപ്പെടുത്താനില്ലെന്നും ചിലപ്പോള്‍ ഗതാഗത സംവിധാനം വേഗത്തില്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതിരുന്നതാകാമെന്നും പറയുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ എംഎല്‍എമാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ക്ക് ആ സമയത്ത് അവിടെ ഇരിക്കേണ്ട യാതൊരു കാര്യമില്ലാതിരുന്നിട്ട് പോലും.
സംഭവത്തില്‍ ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് പഴയ മുറിവുകള്‍ വീണ്ടും തുറന്നു കാട്ടാന്‍ താനില്ലെന്നും 2002 ഗുജറാത്ത് കലാപത്തില്‍ എന്താണ് നടന്നതെന്ന് ഓര്‍മ്മിച്ചെന്നേയുള്ളെന്നും അദ്ദേഹം പറഞ്ഞു. 2005 ല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 750 മുസ്‌ളീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായും 223 പേരെ കാണാതായെന്നും 2,500 പേര്‍ക്ക് പരിക്കേറ്റെന്നും ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഒരിക്കലും ഔദ്യോഗിക കണക്കുകളില്‍ ഉണ്ടാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സൈനികന്‍ എന്ന നിലയിലും ഒരു ഇന്ത്യന്‍ മുസ്‌ളീം എന്ന നിലയിലുമുള്ള കാഴ്ചപ്പാടുകളാണ് പുസ്തകം.
from mangalam.com https://ift.tt/2BYn3Wx
via IFTTT
No comments:
Post a Comment