തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) പിൻവാങ്ങിയതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഈ മാസം 26-ഓടെ എത്തും.മഹാപ്രളയമുണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തിൽ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. 2039.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കിയിലാണ് കൂടുതൽ. 66.8 ശതമാനം അധികം. പാലക്കാട് 51.27 ശതമാനം മഴ കൂടുതൽ കിട്ടി. എന്നാൽ തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ശരാശരിയിലും കുറവായിരുന്നു.ഒക്ടോബർ, നവംബർ മാസങ്ങളിലാണ് തുലാവർഷം. സാധാരണ ഒക്ടോബർ പകുതിയോടെയാണ് തുലാവർഷം തുടങ്ങുക. ഇത്തവണ ബംഗാൾ ഉൾക്കടലിൽ തിത്തിലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദം ഉടലെടുത്തതോടെ കാലാവസ്ഥാഘടകങ്ങളിൽ മാറ്റമുണ്ടായതിനാലാണ് തുലാവർഷത്തിന്റെ വരവ് വൈകിയത്. മുമ്പ് പലവർഷങ്ങളിലും തുലാവർഷം വൈകിയിട്ടുണ്ട്. എന്നാലും സാധാരണതോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നാണ് പ്രവചനം.വടക്കേ ആൻഡമാൻ സമുദ്രത്തിൽ മ്യാൻമാറിന് സമീപം ന്യൂനമർദം രൂപംകൊണ്ടിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, കേരളത്തെ ബാധിക്കില്ല.കേരളത്തിൽ രണ്ടുദിവസംകൂടി പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ട്. 23 വരെ ചിലസ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനുശേഷം തുലാവർഷത്തിന്റെ വരവുവരെ മഴ കുറയാനാണ് സാധ്യത. കേരള, തമിഴ്നാട് തീരങ്ങളിൽ നല്ലമഴ ലഭിക്കുകയും വടക്കുകിഴക്കുനിന്നുള്ള കാറ്റ് ശക്തമാവുകയും ചെയ്താലേ തുലാവർഷത്തിന്റെ വരവ് പ്രഖ്യാപിക്കൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2D0u6ze
via
IFTTT
No comments:
Post a Comment