ന്യൂഡൽഹി: ദമ്പതികളെയും മകളെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളും തെക്കൻ ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം താമസക്കാരുമായ മിഥിലേഷ്(45) ഭാര്യ സിയ(40) മകൾ നേഹ(16) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. മിഥിലേഷിന്റെ മകൻ സുരാജിനെ(18) നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ സുരാജ് ബാൽക്കണിയിൽനിന്ന് അലറിവിളിക്കുന്നത് കേട്ടെത്തിയ അയൽവാസികളാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയിട്ടിരുന്നതിനാൽ സുരാജ് തന്നെയാണ് ബാൽക്കണിയിൽനിന്ന് താക്കോൽ എറിഞ്ഞുനൽകിയത്. വീടിനകത്ത് പ്രവേശിപ്പിച്ചപ്പോൾ രണ്ടുമുറികളിലായി മൂവരും മാരകമായ പരിക്കുകളോടെ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. അതേസമയം, വിരലിന് മാത്രം നിസാര പരിക്കേറ്റനിലയാണ് മിഥിലേഷിന്റെ മകൻ സുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ടുപേർ തങ്ങളെ ആക്രമിച്ചെന്നും, അമ്മ മുമ്പിൽനിന്നതിനാൽ തനിക്ക് വലിയ പരിക്കേറ്റില്ലെന്നും ഇയാൾ പോലീസിന് മൊഴി നൽകി. വിരലിന് പരിക്കേറ്റയുടൻ താൻ ബോധരഹിതനായെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, സുരാജിന്റെ മൊഴി വിശ്വസീനയമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ബാക്കി മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയിട്ടും സുരാജിന് മാത്രം നിസാരമുറിവേറ്റതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും, പ്രതിയെന്ന് സംശയിക്കുന്നവരിൽ ദമ്പതികളുടെ മകനും ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2E6YYQ2
via
IFTTT
No comments:
Post a Comment