കൊച്ചി: പിയാത്തയ്ക്ക് സമാനമായ ചിത്രമുള്ള പോസ്റ്റ് കാർഡിൽ ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളയക്കും. മാതാവിന്റെ മടിയിൽക്കിടക്കുന്ന കന്യാസ്ത്രീയുടെ രൂപവും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റുചെയ്യണമെന്ന എഴുത്തുമാണ് പോസ്റ്റ് കാർഡിന്റെ ഒരു വശം, മറുവശത്ത് സന്ദേശമെഴുതാം. എറണാകുളം വഞ്ചി സ്ക്വയറിൽ നടക്കുന്ന സമരവേദിയിലാണ് പോസ്റ്റുകാർഡുകൾ അയക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. വേദിക്കുസമീപം സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ പോസ്റ്റ് കാർഡിൽ സന്ദേശം രേഖപ്പെടുത്തി നിക്ഷേപിക്കാം. കലാകക്ഷി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പോസ്റ്റുകാർഡുകൾ തയ്യാറാക്കിയതും കത്തുകൾ അയക്കുന്നതും. ഞായറാഴ്ചയാണ് മുഖ്യമന്ത്രിക്ക് കത്തുകൾ അയക്കാം എന്ന ആശയത്തിൽ പോസ്റ്റ് കാർഡുകൾ തയ്യാറാക്കി പന്തലിലെത്തിച്ചത്. മൂന്നുദിവസത്തിനകം മുന്നൂറിൽപ്പരം ആളുകളാണ് കത്തുകൾ പെട്ടിയിൽ നിക്ഷേപിച്ചതെന്ന് സംഘാടകയായ ജയ പറഞ്ഞു. കത്തുകളെല്ലാം സമാഹരിച്ച് ബുധനാഴ്ച മുഖ്യമന്ത്രിക്ക് അയക്കും. പോസ്റ്റ് കാർഡിനു പുറമേ ഇതേ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും ഇവർ ഒരുക്കിയിട്ടുണ്ട്. ഇത് വിറ്റുകിട്ടുന്ന പണം സമരഫണ്ടിലേക്കു നൽകും. ഇതിനകം പോസ്റ്റ് കാർഡും പോസ്റ്ററും ഉൾപ്പെടെ 400 എണ്ണത്തോളം വിറ്റഴിച്ചതായി ജയ അറയിച്ചു. മൈക്കലാഞ്ചലോയുടെ ക്രൂശിതനായ യേശുവിന്റെ മൃതദേഹം മടിയിൽ കിടത്തിയിരിക്കുന്ന മാതാവിന്റെ പിയാത്ത ശില്പത്തെ അനുസ്മരപ്പിക്കുന്ന വിധത്തിലാണ് കലാകക്ഷി കൂട്ടായ്മ വഞ്ചി സ്ക്വയറിലെ സമരപ്പന്തലിൽ മാതാവിന്റെ മടിയിലെ കന്യാസ്ത്രീയുടെ രൂപവും വരച്ചിരിക്കുന്നത്. ആർട്ടിസ്റ്റ് പി.എസ്. ജലജയാണ് ചിത്രം വരച്ചത്. പിയാത്തയ്ക്കു പുറമേ ബൈബിളിനു പകരം ഭരണഘടനയെന്ന് രേഖപ്പെടുത്തിയ പുസ്തകം കൈയിലേന്തിയ ബി.ആർ. അംബേദ്കറിന്റെയും സിസ്റ്റർ അഭയയുടെയും ചിത്രവും അമ്പും വില്ലുമേന്തിയ മാലാഖമാരും സമരവേദിയിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NrSuzK
via
IFTTT
No comments:
Post a Comment