ഭോപ്പാല്‍: കൊലപ്പെടുത്തിയ ശേഷം ട്രക്ക് ഡ്രൈവര്‍മാരുടെ മൃതദേഹം ഒറ്റപ്പെട്ട ഇടങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ച ശേഷം ട്രക്കുകള്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും കൊണ്ടു വില്‍ക്കും. ഇന്ത്യയില്‍ സംസാര വിഷയമായി മാറിയിരിക്കുന്ന ട്രക്ക് കൊള്ളയും കൊലപാതകങ്ങളും പുറത്തുവന്ന സംഭവത്തില്‍ പരമ്പരകൊലയാളി ആദേശ് ഖമ്രയുടെ രീതി ഇങ്ങിനെ. പ്രാദേശിക ക്രിമിനല്‍ ഗ്യാംഗുകളെ ഉപയോഗപ്പെടുത്തിയായിരുന്നു മോഷണ മുതല്‍ ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.
ഇരകളുമായി സൗഹൃദം ഉണ്ടാക്കി അവര്‍ക്ക് മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷമായിരുന്നു കൊലപാതകവും മോഷണവും. കൊള്ളയടിക്കാന്‍ പദ്ധതിയിട്ട ട്രക്ക് ഡ്രൈവറെ ലക്ഷ്യമിട്ട് ആദ്യം എത്തുക ഖമ്രയുടെ ഗ്യാഗ് അംഗങ്ങളാണ്. മൊബൈല്‍ ചാര്‍ജ്ജര്‍ ചോദിച്ചുകൊണ്ടായിരിക്കും പരിചയപ്പെടുക. പിന്നീട് ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഖമ്രയെ വിളിക്കും. ഈ സമയത്താണ് മയക്കുമരുന്ന് കലര്‍ത്തിയ പലഹാരങ്ങളും ചിപ്‌സുകളുമായി ഖമ്ര രംഗപ്രവേശനം ചെയ്യുക. പിന്നീട് എല്ലാവരും ചേര്‍ന്ന് തീനും കുടിയുമാകും. ചിലപ്പോള്‍ മയക്കുമരുന്ന് ചേര്‍ത്ത മദ്യവും നല്‍കും. ചില കൊലപാതകങ്ങളില്‍ വിഷം ചേര്‍ത്ത മദ്യമാണ് ഉപയോഗിച്ചത്.
കൊലചെയ്ത ശേഷം വസ്ത്രം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം കയര്‍ വരിഞ്ഞു കെട്ടും. അതിന് ശേഷം യാത്രയ്ക്കിടയില്‍ കൊക്കയിലോ പാലത്തില്‍ നിന്നും വെള്ളത്തിലേക്കോ വലിച്ചെറിയും. 2007 നും 2017 നും ഇടയില്‍ താന്‍ കൊന്നൊടുക്കിയ ഓരോ ഇരകളെക്കുറിച്ചും അവരുടെ വസ്ത്രത്തെക്കുറിച്ചും കൊലപാതകം നടത്തിയ രീതിയെക്കുറിച്ചും അവര്‍ക്ക് നല്‍കിയ ഭക്ഷണവും എവിടെവെച്ചാണ് കഴിച്ചതെന്നും മൃതദേഹം ഉപേക്ഷിച്ചത് എവിടെ വെച്ചായിരുന്നെന്നും മറ്റും ഖാമ്രയ്ക്ക് വ്യക്തമായ ഓര്‍മ്മയുണ്ടായിരുന്നു.
മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ഖമ്രയുടെ കുറ്റകൃത്യങ്ങള്‍. ഇതോടെ 86 ഹൈവേ കൊള്ളയുടെയും കൊലപാതകങ്ങളുടെയും വിവരങ്ങളാണ് ഭോപ്പാല്‍ പോലീസിന് കിട്ടിയത്. രണ്ടു ഹൈവേ ഗ്യാംഗുകളുമായി ഖമ്ര ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഗ്യാംഗില്‍ പെടുന്ന ഖമ്രയ്‌ക്കൊപ്പം 14 കൊലപാതകങ്ങളില്‍ പങ്കാളിയായ ജസ്‌കാരന്‍ എന്നയാളെ പിടികൂടിയതോടെയാണ് എല്ലാം വെളിയില്‍ വന്നത്. ആഗസ്റ്റ് 13 ന് ഭോപ്പാലിലെ കൊലപാതകം ഉള്‍പ്പെട്ട ഒരു ഹൈവേ കൊള്ളയുമായി ബന്ധപ്പട്ട് ജസ്‌കരന്‍ പിടിയിലായപ്പോള്‍ അയാളാണ് ഖമ്രയുടെ വിവരം പോലീസിന് നല്‍കിയത്.
ടാറ്റായുടെ വാഹനങ്ങളായിരുന്നു ഗ്യാംഗിന് ഏറെ പ്രിയം. പിക്ക് അപ്പും ഓരോ ട്രക്കുകളും രണ്ടു ലക്ഷം മുതല്‍ 3 ലക്ഷത്തിന് വരെയാണ് വില്‍പ്പന നടത്തിയത്്. ട്രക്കു കൊള്ളയുടെ പേരില്‍ യുപിയിലെയും ബീഹാറിലെയും ഗ്യാംഗുകളുടെ വിലയിട്ടിരിക്കുകയായിരുന്നു പോലീസ്. എല്ലാവരോടും സ്‌നേഹത്തോടെയും മാന്യതയോടെയും പെരുമാറിയിരുന്ന തങ്ങളുടെ തയ്യല്‍ക്കാരന്‍ 30 കൊലപാതകങ്ങള്‍ നടത്തിയയാളാണെന്ന തിരിച്ചറിവ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമന്‍ രാഘവന്‍ കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്.
from mangalam.com https://ift.tt/2MqAccG
via IFTTT
No comments:
Post a Comment