പമ്പ: ഒഴുക്കിന്റെ ശക്തി കുറഞ്ഞപ്പോൾ അവർ പുഴയിൽ ഇറങ്ങി. മഹാപ്രളയം ബാക്കിവെച്ച വലിയ മണൽകാട്ടിനുള്ളിൽനിന്ന് ഒാരോ കല്ലായി പെറുക്കിയെടുത്ത് പമ്പയിലിട്ടു. ഒടുവിലൊരു ആശ്വാസത്തിന്റെ രേഖപോലെ ഒരു ചിറ രൂപപ്പെട്ടു. അതിന് അയ്യപ്പസേതു എന്ന് പേരിട്ടു. പുറംലോകത്തുനിന്ന് മുറിഞ്ഞുപോയ ശബരിമലയെ ത്രിവേണിയുമായി തത്കാലം ചേർത്തുകെട്ടാൻ ഇൗ പാവം നടപ്പാലം മാത്രം. ലക്ഷ്യം സന്നിധാനത്തേക്ക് അവശ്യസാധനങ്ങൾ എത്തിക്കുക. അടുത്ത മാസപൂജയ്ക്ക് അയ്യപ്പൻമാർക്ക് പമ്പ കടക്കാനാകുക. കൂറ്റൻ യന്ത്രങ്ങൾ പടുത്ത വലിയ നിർമിതികളുടെ മുഖഛായയുമായിനിന്ന പമ്പയിൽ എല്ലാം ഒന്നുമുതൽ തുടങ്ങുകയാണ്. രാമായണകഥയിലെ സേതു നിർമാണംപോലെ പുഴയുടെ അക്കരയിക്കരെ ചേർക്കാൻ മനുഷ്യൻ കല്ലുതലയിലേറ്റി നീങ്ങുന്നു. യന്ത്രങ്ങൾ ഇല്ലാഞ്ഞിട്ടല്ല. അവയൊന്നും പുഴയിലേക്ക് ഇറക്കാൻ പറ്റില്ല. അത്രമേൽ നാശമാണ് പമ്പയിൽ പ്രളയമുണ്ടാക്കിയത്. വളരെ പഴയ നിർമാണരീതികളുടെ സാധ്യതകൾ മാത്രം ബാക്കി. അടുക്കിവെച്ച കല്ലുകൾക്ക് മീതെ മണൽച്ചാക്ക് നിരത്തിയാണ് നിർമാണം. വെള്ളിയാഴ്ച രാവിലെ തൊഴിലാളികൾ പണിതുടങ്ങി. ത്രിവേണി നടപ്പാലം അവസാനിക്കുന്നിടത്തുനിന്ന് മുങ്ങിപ്പോയ രാമമൂർത്തി മണ്ഡപത്തിന്റെ അവശേഷിച്ച അസ്ഥിവാരത്തിലേക്കാണ് പുതിയ കൽപ്പാത. ത്രിവേണി നടപ്പാലം അവസാനിക്കുന്നിടത്ത് കൂടിയാണ് ഇപ്പോൾ പമ്പ വഴിമാറി ഒഴുകുന്നത്. ഇത് കടക്കാനാണ് താത്കാലികപാത. ഇവിടെയെത്തിയാലും സന്നിധാനത്തിലേക്കുള്ള പാതയിലെത്താൻ ഭഗീരഥയത്നം വേണ്ടിവരും. തകർന്ന ശൗചാലയങ്ങൾക്കിയിൽ വീണുകിടക്കുന്ന വൻമരങ്ങൾ പാലംപോലെ ഉപയോഗിക്കേണ്ടിവരും. ഇതിനോട് ചേർത്തുകെട്ടിയ വടത്തിൽ പിടിച്ചാൽ ഗണപതികോവിലിന് അടിവാരത്തിലേക്ക് എത്താം. അടുത്ത മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനം അടുത്ത മാസപൂജയ്ക്ക് ശബരിമല നട തുറക്കുന്നത് സെപ്റ്റംബർ 16-നാണ്. അന്നുമുതൽ അയ്യപ്പൻമാർക്ക് പ്രവേശനം നൽകാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് താത്കാലിക നടവഴി കല്ലും മണൽച്ചാക്കും ഒരുക്കി തയ്യാറാക്കുന്നത്. പമ്പയിലേക്ക് ഒഴുകിവന്ന മരങ്ങൾ നീക്കും. - എ. പദ്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്.
from mathrubhumi.latestnews.rssfeed https://ift.tt/2wB6FXQ
via
IFTTT
No comments:
Post a Comment