ചെറുവത്തൂർ: എഴുപതാണ്ടുകൾക്കപ്പുറത്ത് അറ്റുപോയ ബന്ധത്തിന്റെ അടയാളമായി അന്ന് ആങ്ങളമാർ പെങ്ങൾക്കെഴുതിയ കത്തുകൾ നിധിപോലെ സൂക്ഷിക്കുകയാണ് ചെറുവത്തൂർ മടിക്കുന്നിലെ കുഞ്ഞിരാമൻ. എന്നെങ്കിലുമൊരുനാൾ പിൻമുറക്കാരാരെങ്കിലുമെത്തിയാൽ പരസ്പരം തിരിച്ചറിയാനുള്ള അടയാളം ഈ കത്തുകൾ മാത്രം. കൊടക്കാട് കിഴക്കേക്കരയിലെ പുന്നക്കോടൻ ചിരുതയ്ക്ക് മക്കൾ അഞ്ചുപേരായിരുന്നു. ഇളയമകൾ മാണിക്കം. നാല് സഹേദരൻമാർ -ചന്തൻ, കുഞ്ഞമ്പു, കുഞ്ഞിരാമൻ, ചന്ദ്രശേഖരൻ. തൊഴിൽ തേടി മൂത്തയാൾ സിങ്കപ്പൂരെത്തിയപ്പോൾ പിന്നാലെ മൂന്നുപേരും ആ പാത പിന്തുടർന്നു. ആദ്യകാലത്ത് നാട്ടിൽ വന്നുപോകാറുള്ള ആങ്ങളമാർ പിന്നീട് പെങ്ങൾക്ക് കത്തും അത്യാവശ്യത്തിന് പണവും അയച്ചുതുടങ്ങി. മാണിക്കത്തിന്റെയും ഭർത്താവ് ചന്ദ്രശേഖരന്റെയും പേരിലാണ് കത്തെഴുത്ത്. 1948 വരെ ഇത്തരത്തിൽ കത്തും പണവും അയച്ചു. എഴുത്തും വായനയും വശമില്ലാതിരുന്ന മാണിക്കവും ഭർത്താവ് ചന്ദ്രശേഖരനും മറ്റുള്ളവരെ ആശ്രയിച്ചായിരുന്നു അക്കാലത്ത് കത്തിലെ വിവരമറിഞ്ഞതും മറുപടിയെഴുതിയതും. ഇതിനിടെ മാണിക്കവും കുടുംബവും കൊടക്കാട്ടുനിന്ന് ചെറുവത്തൂർ മടിക്കുന്നിലേക്ക് താമസം മാറി. കൊടക്കാട് പോസ്‌റ്റോഫീസിലെത്തിയ കത്തുകൾ മാണിക്കത്തിന്റെ കുടുംബത്തിലേക്കെത്തിയില്ല. ഒരുതവണ പുന്നക്കോടിച്ചി മാണിക്കം എന്നതിനുപകരം പുന്നവളപ്പിൽ മാണിക്കം എന്ന പേരിൽ മണിയോർഡർ തിമിരി പോസ്റ്റോഫീസിലെത്തിയെങ്കിലും മേൽവിലാസത്തിലെ പിശകു കാരണം തിരിച്ചയച്ചതായി അറിഞ്ഞിരുന്നുവത്രേ. നേരത്തേ അയച്ച കത്തുകളിലെ മേൽവിലാസത്തിൽ കൂടുതൽ അന്വേഷിച്ചതുമില്ല. സഹോദരീസഹോദരബന്ധം അതോടെ അറ്റുപോവുകയും ചെയ്തു. ചന്ദ്രശേഖരൻ, ഷോപ്പ് നമ്പർ ഏഴ്, സെവൻത് മൈൽസ്, ബുക്കിട് ടിമാ റോഡ്, സിങ്കപ്പൂർ എന്ന വിലാസത്തിൽനിന്നും കണ്ണൻ, നമ്പർ 3585, റോയൽ എയർഫോഴ്‌സ് സ്‌റ്റേഷൻ, പി.ഒ.ബുക്കിട് പാൻജാങ്, സിങ്കപ്പൂർ എന്ന വിലാസത്തിൽനിന്നുമാണ് കത്തുകളയച്ചത്. ആങ്ങളമാരിൽ കുഞ്ഞമ്പു കൊടക്കാട്ട് വിവാഹിതനായ കാര്യം മാണിക്കത്തിന്റെ മകൻ കുഞ്ഞിരാമന് ചെറിയ ഓർമ്മയുണ്ട്. അതിൽക്കൂടുതലൊന്നും ഓർമ്മയിൽ തെളിയുന്നില്ല. അമ്മ മാണിക്കം 1981-ലും അച്ഛൻ ചന്ദ്രശേഖരൻ 1984-ലും മരിച്ചു. അച്ഛന്റെ പെട്ടിയിൽ സൂക്ഷിച്ച കത്തുകൾ കുഞ്ഞിരാമന്റെ കൈകളിലെത്തി. ആ കത്തുകൾ അമ്മാവൻമാരുടെ ഓർമ്മയ്ക്കായി ഇടയ്ക്കെടുത്ത് വായിക്കും. അമ്മാവൻമാർ ജീവിച്ചിരിക്കാൻ സാധ്യതയില്ല. എങ്കിലും അവരുടെ മക്കളെ എന്നെങ്കിലും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട് കുഞ്ഞിരാമന്. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഓവർസിയറായി വിരമിച്ച് മടിക്കുന്നിലെ ’സ്വപ്‌നനിവാസിൽ’ വിശ്രമജീവിതം നയിക്കുകയാണ് കുഞ്ഞിരാമൻ. ഭാര്യ ചന്ദ്രമതി. മക്കൾ: ജിതേഷ്‌കുമാർ, ജിനേഷ്‌കുമാർ, സ്വപ്‌ന. ഫോൺ: 9895097895, 0467 2261601.
from mathrubhumi.latestnews.rssfeed https://ift.tt/2Q42vQn
via
IFTTT
No comments:
Post a Comment