കണ്ണൂർ: ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്ന പ്രിയന്തിനെ ഒരാഴ്ച കാണാതായപ്പോൾ ഷിൻരാജിന് ആശങ്ക. അമ്മയ്ക്ക് അസുഖമാണെന്നും ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. ഫോണിൽ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. അങ്ങനെയാണ് മുഴുപ്പിലങ്ങാട്ട് പ്രിയന്ത് താമസിക്കുന്ന വീട്ടിലേക്ക് പോയത്. പൊട്ടിപ്പൊളിഞ്ഞ കൊച്ചുവീട്. പ്ലസ് ടു വിദ്യാർഥിയായ പ്രിയന്തും സഹോദരൻ ഏഴാംക്ലാസ് വിദ്യാർഥിയായ പ്രസന്തും വീട്ടിലുണ്ട്. പ്രിയന്തിന്റെ കാൽ പഴുത്തൊലിക്കുന്നു. ഷിൻരാജിനോട് പ്രിയന്ത് അക്കാര്യം പറഞ്ഞു; അമ്മ മരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സിച്ചിട്ടും രക്ഷിക്കാനായില്ല. അച്ഛനില്ല പ്രിയന്തിന്. വളരെ നേരത്തേ മരിച്ചതാണദ്ദേഹം. രക്ഷിതാക്കളില്ലാതെ അവശനായിക്കഴിയുന്ന കൂട്ടുകാരനെക്കണ്ട് ഷിൻരാജ് വിങ്ങിപ്പൊട്ടി. ഷിൻരാജിനൊപ്പമുണ്ടായിരുന്ന അമ്മ ഷജിത അപ്പോൾ പ്രിയന്തിനെ ശുശ്രൂഷിക്കുകയായിരുന്നു. പിന്നെ വീടു തൂത്തുവൃത്തിയാക്കി. കുട്ടികളുടെ വസ്ത്രങ്ങൾ അലക്കിയിട്ടു. തിരിച്ചുപോരാനൊരുങ്ങുമ്പോൾ ഷിൻരാജ് വാശിപിടിച്ചു. പ്രിയന്തിനെയും പ്രസന്തിനെയും കൂടെക്കൂട്ടണം. അമ്മയ്ക്കു സമ്മതം. പക്ഷേ, കൂട്ടുകാർ വരില്ല. രണ്ടുദിവസം കഴിഞ്ഞ് ഷിൻരാജും അമ്മ ഷജിതയും അച്ഛൻ എൻ.ടി. രാജുവും വീണ്ടുമെത്തി മുഴുപ്പിലങ്ങാട്ടെ വീട്ടിൽ. അവർ സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ പ്രിയന്തും പ്രസന്തും വീടുവിട്ടിറങ്ങി, ഷിൻജിത്തിന്റെ അഴീക്കോട്ടെ നീർക്കടവിലെ കൊച്ചുവീട്ടിലേക്ക്. മകനൊപ്പം ഒന്നിച്ചുപഠിക്കാം എന്ന ഷജിതയുടെ വാക്കുകേട്ടാണ് ഇവർ എത്തിയത്. നീർക്കടവിലെ വീട്ടിൽ ഇപ്പോൾ അംഗങ്ങൾ ആറാണ്. മത്സ്യത്തൊഴിലാളിയാണ് രാജു. ഈ വീട് ഇവരുടെ സ്വന്തമല്ല. ഷജിതയുടെ അമ്മയുടേതാണ്. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. രണ്ടു 'കൊച്ചുമക്കൾ' കൂടിയെത്തിയപ്പോൾ അവർക്കു കൂടി കിടക്കാൻ ഇടമൊരുക്കാൻ അമ്മൂമ്മ തൊട്ടടുത്തുള്ള ഇളയമകളുടെ വീട്ടിലേക്കു മാറി. രാത്രി ഇവിടെയാണ് അവർ കഴിയുന്നത്. അഴീക്കോട് ഹൈസ്കൂളിലെ അധ്യാപകനും സാമൂഹികപ്രവർത്തകനുമായ രാജേഷ് വാര്യർ, ഹെൽത്ത് ഇൻസ്പെക്ടർ മരക്കാർകണ്ടിയിലെ കെ.ടി. ബിന്ദു എന്നിവരാണ് പ്രിയന്തിന്റെയും പ്രസന്തിന്റെയും പഠനത്തിനും താമസത്തിനും ഷിൻരാജിന്റെ കുടുംബത്തെ സഹായിക്കുന്നത്. പഠനത്തിൽ മിടുക്കരാണ് പ്രിയന്തും ഷിൻരാജും. പ്രിയന്തിന് എസ്.എസ്.എൽ.സി.ക്ക് എട്ട് എ പ്ലസാണ് കിട്ടിയത്. ഷിൻരാജ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എ.എ.എസുകാരനാവുകയാണ് ഷിൻരാജിന്റെ അഭിലാഷം. പ്രിയന്തിന് എൻജിനീയറാവണം. പ്രിയന്തിന്റെയും പ്രസന്തിന്റെയും സംരക്ഷണം ഏറ്റെടുക്കാൻ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എ. പ്രിയന്ത് എന്ന പേരിൽ കനറാ ബാങ്കിന്റെ അഴീക്കോട് സൗത്ത് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 6301101001575. ഐ.എഫ്.എസ്. കോഡ്-CNRB0006301
from mathrubhumi.latestnews.rssfeed https://ift.tt/2QesBAR
via
IFTTT
No comments:
Post a Comment