തിരുവനന്തപുരം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ ശുപാർശചെയ്ത പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തീർണം കുറയ്ക്കാനാവില്ലെന്ന ഹരിത ട്രിബ്യൂണലിന്റെ വിധിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകാത്ത് കേരളം. കേരളത്തിന്റെ ആവശ്യമനുസരിച്ച് പരിസ്ഥിതിലോല മേഖലകൾ പുനർനിർണയിച്ചത് കേന്ദ്രമാണ്. ഈ നടപടിയാണ് ഹരിത ട്രിബ്യൂണൽ തള്ളിയത്. ട്രിബ്യൂണൽ വിധിക്കെതിരേ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതിനുമുമ്പ് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം ആരായുമെന്നും കേരളം പ്രതീക്ഷിക്കുന്നു. അപ്പീൽ നൽകാൻ കേന്ദ്രത്തിന് ഒരുമാസം സാവകാശമുണ്ട്. ഇതിനിടെ ഇക്കാര്യം ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കാമെന്നാണ് സർക്കാർ കരുതുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ശുപാർശകൾ നൽകാൻ നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ സമിതിയുടെ കരട് റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലെ 13,056 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ആവശ്യപ്രകാരം ഇത് 9999 ചതുരശ്ര കിലോമീറ്ററായി കേന്ദ്രസർക്കാർ കുറച്ചു. ഇനിയും 1343 ചതുരശ്ര കിലോമീറ്റർകൂടി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കരട് റിപ്പോർട്ടിൽ മാറ്റംവരുത്താതെ ആറുമാസത്തിനകം അന്തിമ വിജ്ഞാപനം വേണമെന്നാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, കരട് റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലകളിൽ വ്യത്യാസം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്. പ്രളയാനന്തരം ആശയപ്രതിസന്ധിയുണ്ടാക്കുന്ന വിധി മാറ്റംവരുത്തിയ വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നാൽ സംസ്ഥാനത്തിന് തത്കാലം പ്രതിസന്ധിയുണ്ടാവില്ല. എന്നാൽ, ഹരിത ട്രിബ്യൂണലിന്റെ വിധി സർക്കാരിന് ആശയപരമായ പ്രതിസന്ധിയുണ്ടാക്കും. പ്രളയാനന്തരം പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തുള്ള വികസനം വേണമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. അതേ സർക്കാർ ഹരിത ട്രിബ്യൂണലിന്റെ വിധിയെ എതിർക്കുന്നതിലെ വൈരുധ്യം ചർച്ചയാവും. പ്രതിപക്ഷത്തായിരുന്നപ്പോൾ കസ്തൂരിരംഗൻ റിപ്പോർട്ടിനെ എതിർത്ത എൽ.ഡി.എഫിന് ഇപ്പോഴും അതിനെ അനുകൂലിക്കാനാവുകയുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2LRks1P
via
IFTTT
No comments:
Post a Comment