കോഴിക്കോട്: പ്രളയ കാലത്തും നവകേരള സൃഷ്ടിയിലും സർക്കാരിന്റെ നിലപാടുകൾ നിരുത്തരവാദപരമെന്ന് പിടി തോമസ് എംഎൽഎ. നവകേരള സൃഷ്ടിയിൽ ഇനിയും വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ല. ഈ അവസരത്തിലും ആർക്കും പകരം ചുമതല നൽകാതെ വിദേശത്ത് ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ നടപടി തികച്ചും നിരുത്തരവാദപരവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത് നവകേരള സൃഷ്ടിക്ക് വിഘാതം സൃഷ്ടിക്കുമെന്നും പിടി തോമസ് പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500ഓളം മരണങ്ങളും പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായ പ്രളയത്തിൽ എന്ത്കൊണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന് പിടി തോമസ് ചോദിച്ചു. സർക്കാർ അന്വേഷണം ഭയക്കുന്നുണ്ടെന്നും എംഎൽഎ ആരോപിച്ചു. അണക്കെട്ടുകൾ തുറന്നതിൽ വലിയ രീതിയിലുള്ള വീഴ്ചകളുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതായുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് രാത്രി 12.30നാണ്. ഇതിന് മുന്നൊരുക്കങ്ങൾ യാതൊന്നും ചെയ്തിരുന്നില്ല. മുന്നറിയിപ്പ് നൽകാൻ പോയ വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഇടുക്കി അണക്കെട്ട് തുറക്കേണ്ട ജലനിരപ്പിനേക്കുറിപ്പ് യോജിച്ച തീരുമാനമുണ്ടായില്ല. ബാണാസുരസാഗർ ഡാമിന്റെ കാര്യത്തിലും ഏകോപനമില്ലാത്ത തീരുമാനങ്ങളാണുണ്ടായത്. ക്യാമ്പുകൾ പലതവണ മാറ്റേണ്ടി വന്നു. ശാസ്ത്രീയമായ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ 46ഓളം ഡാമുകൾ ഒരുമിച്ച് തുറന്ന് വിട്ടു. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ നിലവിളിച്ചത് മാത്രം മതി സർക്കാർ ഒന്നും ചെയ്തിരുന്നില്ല എന്ന് മനസിലാക്കാൻ. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ എംഎൽഎമാരെ നിയമസഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. എല്ലാം വിരൽ ചൂണ്ടുന്നത് പ്രളയം മനുഷ്യ നിർമ്മിതമാണെന്ന വസ്തുതയിലേക്കാണ്. പിടി തോമസ് കൂട്ടിച്ചേർത്തു. കേരളത്തിലെ 99 ശതമാനം പാറമടകളും അനധികൃതമാണെന്നും നിലവിലുള്ള നിയമങ്ങൾ കർശനമാക്കിയാൽതന്നെ പ്രകൃതി ചൂഷണം തടയാനാകുമെന്നും പറഞ്ഞ പിടി തോമസ് ഗാഡ്കിൽ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2N6xMF8
via
IFTTT
No comments:
Post a Comment