കോഴിക്കോട്: എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും സർക്കാർ അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും എക്സൈസ് മന്ത്രി മറുപടി പറയുന്നില്ലെന്നും മദ്യനയത്തിൽ പറയാത്ത ഡിസ്റ്റിലറികൾ അനുവദിച്ചത്എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹംപത്രസമ്മേളനത്തിൽ ചോദിച്ചു. രേഖാമൂലം സർക്കാർ ഇറക്കിയ ഉത്തരവുകൾ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആ ഉത്തരവുകൾ ശരിയല്ലെന്നു പറയാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. കൊച്ചിയിൽ അനുവദിച്ച ബ്രൂവറി സംബന്ധിച്ച ഒരു കാര്യവും സർക്കാരിന്റെ വെബ്സൈറ്റിൽ ഇല്ല. ഈ സർക്കാർ വന്നതിനുശേഷം വന്ന മൂന്നു മദ്യനയത്തിൽ ഒരിടത്തും ഡിസ്റ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായനാർ സർക്കാർ ഇനി ഡിസ്റ്റലറികളും ബ്രൂവറികളും തുടങ്ങേണ്ട എന്ന് തീരുമാനമെടുത്തിരുന്നു. 19 വർഷത്തിനു ശേഷം ആരോരുമറിയാതെ ഈ സർക്കാർ നാലു പേർക്ക് ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതിലാണ് വൻ അഴിമതിയുണ്ടായിട്ടുള്ളത്. നായനാരും അച്യുതാനന്ദനും അനുവദിക്കാത്ത ഡിസ്റ്റലറി പിണറായി എന്തടിസ്ഥാനത്തിലാണ് അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചു. കിൻഫ്ര പാർക്കിൽ വ്യവസായ ആവശ്യങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത 10 ഏക്കർ ഭൂമി ബ്രൂവറി തുടങ്ങാനായി കൊടുക്കുകയായിരുന്നു. അത് കൊടുത്തത് വ്യവസായ വകുപ്പ് അറിഞ്ഞിട്ടുണ്ടോ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് സർക്കാരിനോട് 10 ചോദ്യങ്ങൾ ഉന്നയിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾ 1. സംസ്ഥാനത്ത് 1999 മുതൽ നിർത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസൻസ് നൽകൽ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകർപ്പ് പുറത്തു വിടാമോ? 2. അബ്കാരി രംഗത്ത് ഏത് ലൈസൻസിനും ഒരു വർഷമാണ് കാലാവധി എന്നതിനാൽ സർക്കാരുകൾ വർഷാവർഷം മാർച്ച് 31 ന് മുൻപായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകർപ്പ് പരസ്യപ്പെടുത്താമോ? 3. 1999 മുതൽ നിലനിൽക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോൾ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ? 4. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ വ്യതിയാനം വരുത്തുമ്പോൾ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കണമെന്ന റൂൾസ് ഓഫ് ബിസിനസിലെ സെക്ഷൻ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ടോ? എങ്കിൽ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചർച്ച ചെയ്തത്? 5. ബ്രൂവറികളും ഡിസ്റ്റിലറിയും വൻതോതിൽ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തിൽ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ? 6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ പോകുന്ന വിവരം ഇപ്പോൾ അവ ലഭിച്ച നാല് പേർ മാത്രം എങ്ങനെ അറിഞ്ഞു? 7.1975 ലെ കേരളാ ഫോറിൻ ലിക്കർ (കോംപൗണ്ടിംഗ്, ബ്ളെൻഡിംഗ് ആന്റ് ബോട്ടിലിംഗ്) റൂൾ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാൻ, മെഷിനറിയുടെ വിശദാംശം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉൾക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളിൽ അവ നൽകിയിട്ടുണ്ടോ? അനുമതി നൽകി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്സൈസ് കമ്മീഷണർ ലൈസൻസ് നൽകുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്? 8. ജി.ഒ.(ആർ.ടി) നമ്പർ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെൻഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ തൃശ്ശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്? ആ സ്ഥലത്തിന്റെ സർവ്വേ നമ്പർ വെളിപ്പെടുത്താമോ? 9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെൻഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയിന്മേൽ തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എക്സൈസ് കമ്മീഷണർക്ക് ശുപാർശ നൽകിയിരുന്നോ? എങ്കിൽ അതിന്റെ പകർപ്പ് പുറത്തു വിടാമോ? 10. പുതുതായി ഡിസ്റ്റിലറികൾ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കിൽ 2006ലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകൾ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?
from mathrubhumi.latestnews.rssfeed https://ift.tt/2R7peMy
via
IFTTT
No comments:
Post a Comment