ദുബായ്:ഏഷ്യാ കപ്പിൽ നിന്ന് അഫ്ഗാനിസ്താൻ തലയയുർത്തി മടങ്ങി. സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ചാണ് അഫ്ഗാൻ ഏഷ്യാ കപ്പിലെ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കിയത്. അഫ്ഗാനെ സംബന്ധിച്ച് വിജയത്തോളം പോന്ന സമനിലയായിരുന്നു അത്. സ്കോർ: സ്കോർ: അഫ്ഗാനിസ്താൻ 50 ഓവറിൽ എട്ടിന് 252. ഇന്ത്യ49.5 ഓവറിൽ 252 റൺസിന് പുറത്ത്. അവസാന ഓവറിൽ വിജയിക്കാൻ രണ്ട് പന്തിൽ ഒരു റൺമാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാൽ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തിൽ പുറത്താക്കി റാഷിദ് ഖാൻ അഫ്ഗാന് സ്വപ്ന നേട്ടം സമ്മാനിച്ചു. ഒരു സമയത്ത് വിജയം മുന്നിൽ കണ്ട അഫ്ഗാന്റെ ആധിപത്യത്തിന്മുന്നിൽ അടിപതറാതെ 34 പന്തിൽ 25 റൺസെടുത്ത ജഡേജയ്ക്ക് പക്ഷേ അവസാന ഷോട്ടിൽ റാഷിദിന് മുന്നിൽ പിഴയ്ക്കുകയായിരുന്നു. ഒരു റണ്ണുമായി ഖലീൽ അഹമ്മദ് പുറത്താകാതെ നിന്നു. 253 റൺസ് വിജയലക്ഷ്യത്തിലേക്ക് പുതിയ ഓപ്പണർമാരുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണിങ് വിക്കറ്റിൽ തന്നെ 100 റൺസ് കൂട്ടിച്ചേർത്തു. ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 110 റൺസാണ് ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. തൊട്ടുപിന്നാലെ 49 പന്തിൽ നിന്ന് 57 റൺസെടുത്ത റായിഡുവിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മുഹമ്മദ് നബിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച റായിഡുവിനെ ബൗണ്ടറിക്കടുത്ത് നജീബുള്ള പിടികൂടുകയായിരുന്നു. റായിഡു പുറത്തായതിനു പിന്നാലെ രാഹുലും അർധ സെഞ്ചുറി തികച്ചു. 60 റൺസടിച്ച രാഹുൽ, റാഷിദിനെ റിവേഴ്സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിനിടെ പുറത്തായതോടെ അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു, ഇന്ത്യയെ വരിഞ്ഞു മുറുക്കി. 2 minutes of silence for those who missed this thriller - Ind vs Afg Its a TIE!!! What a match!! Well played #Afghanistan Frankly speaking it should have been Ind vs Afg in the finals of #AsiaCup2018 !!!!! pic.twitter.com/voH9mKmnU0 — RJ Love (@loveshah24) September 25, 2018 ഒരറ്റത്ത് ദിനേശ് കാർത്തിക് പിടിച്ച് നിന്നപ്പോൾ പിന്നീടെത്തിയവർ പൊരുതുക പോലും ചെയ്യാതെ കൂടാരം കയറി. നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച് വന്ന ധോനിയെ ജാവേദ് അഹ്മദി വിക്കറ്റിന് മുന്നിൽ കുരുക്കി. ഇത് വിക്കറ്റല്ലെന്ന് റിപ്ലെകളിൽ തെളിഞ്ഞെങ്കിലും ഇന്ത്യക്ക് റിവ്യുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ജയപ്രതീക്ഷ വർധിച്ച അഫ്ഗാൻ സ്പിൻ ബൗളർമാരെ നിയോഗിച്ച് ഇന്ത്യയുടെ സ്കോറിങ്ങിന് കടിഞ്ഞാണിട്ടു. ഇതിനിടെ മനീഷ് പാണ്ഡെയും (8 റൺസ്) പുറത്തായതോടെ പ്രതീക്ഷകളെല്ലാം ദിനേശ് കാർത്തിക്കിലായി. എന്നാൽ, 44 റൺസെടുത്ത കാർത്തിക്കിനെ നബി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ മത്സരം കൂടുതൽ ആവേശത്തിലെത്തി. നിർഭാഗ്യകരമായ റൺഔട്ടിലൂടെ കേദർ ജാദവും കൂടെ ക്രീസ് വിട്ടതോടെ അഫ്ഗാൻ വിജയത്തോട് അടുത്തു. എന്നാൽ കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ കളി നിയന്ത്രിച്ചതോടെ വീണ്ടും ഇന്ത്യക്കായി മുൻതൂക്കം. ഫീൽഡിങ്ങിൽ മികച്ചുനിന്ന അഫ്ഗാൻ കുൽദീപിനെയും പിന്നീടെത്തിയ സിത്ഥാർഥ് കൗളിനെയും റൺഔട്ടിലൂടെ പുറത്താക്കിയതോടെ ആവേശം ഇരട്ടിയായി. കുൽദീപ് യാദവ് ഒമ്പത് റൺസിനും കൗൾ അക്കൗണ്ട് തുറക്കും മുമ്പുമാണ് പുറത്തായത്. അവസാന ഓവറിൽ രണ്ടാം പന്തിൽ ജഡജേ റാഷിദിനെ ഫോർ അടിച്ചതോടെ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷയായി. കളി ഇന്ത്യയുടെ വഴിയെയെന്ന് ആരാധകർക്ക് തോന്നി. തൊട്ടടുത്ത പന്തിൽ ജഡേജ സിംഗിളെടുത്ത് ഖലീലിന് സ്ട്രൈക്ക് കൈമാറി. നാലാം പന്തിൽ വിക്കറ്റ് കാത്ത് ഖലീൽ ഒരു റൺ നേടി. ഇതോടെ മത്സരം സമനിലയിലായി. അവസാന രണ്ട് പന്തിൽ ഇന്ത്യക്ക് ജയിക്കാൻ ഒരു റൺ എന്ന അവസ്ഥയിലെത്തി. ക്രീസിലുണ്ടായിരുന്ന ജഡേജയുടെ ബാറ്റിൽ നിന്ന് വിജയറൺ പിറക്കുമെന്ന് കരുതിയിരുന്ന ആരാധകരെ ഞെട്ടിച്ച്് റാഷിദിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ജഡേജ പുറത്തായി. അഫ്ഗാന് വേണ്ടി അഫ്താബ് ആലം, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഷെഹ്സാദിന് സെഞ്ചുറി നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്സാദിന്റെയും(124) അർധസെഞ്ചുറി നേടിയ മുഹമ്മദ് നബിയുടെയും(64) മികവിലാണ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആഞ്ഞടിച്ച ഷെഹ്സാദാണ് അഫ്ഗാൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. ഷെഹ്സാദിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഷെഹ്സാദ് ക്രീസിൽ ഉറച്ചു നിന്ന് സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുതകർത്തു. 88 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഷെഹ്സാദ് 116 പന്തുകളിൽ നിന്ന് 124 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ബൗളർമാരെല്ലാം ഷെഹ്സാദിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അഞ്ചാം വിക്കറ്റിൽ ഗുൽബാദിൻ നൈബിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഷെഹ്സാദ് അഫ്ഗാൻ സ്കോർ 100 കടത്തി. പിന്നാലെ ഗുൽബാദിൻ പുറത്തായി. തുടർന്നും തകർത്തടിച്ച് മുന്നേറിയ ഷെഹ്സാദിനെ ഒടുവിൽ കേദാർ ജാദവ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. എന്നാൽ മധ്യനിര തകർന്ന അഫ്ഗാനെ ഷെഹ്സാദിന്റെ വിക്കറ്റ് വീണ ശേഷം മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് 64 റൺസെടുത്ത മുഹമ്മദ് നബിയാണ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. ഗുൽബാദിൻ നൈബിനെ പുറത്താക്കിയ ഇന്ത്യയുടെ ദീപക് ചാഹർ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. Content Highlights: India vs Afghanistan Asia Cup match ends in a thrilling tie
from mathrubhumi.latestnews.rssfeed https://ift.tt/2QXUJbZ
via
IFTTT
No comments:
Post a Comment