യുണൈറ്റഡ് നേഷൻസ്: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കരാർ ഒപ്പിടുമ്പോൾ താൻ അധികാരത്തിലുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റഫാൽ ഇടപാടിൽ നടന്നത് രണ്ട് സർക്കാരുകൾ തമ്മിലുള്ള ചർച്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മാക്രോൺ ഇങ്ങനെ പറഞ്ഞത്. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഇടപാടിൽ ഉൾപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാർ ഫ്രഞ്ച് സർക്കാരിനോടോ വിമാനക്കമ്പനിയായ ദസ്സോയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെയായിരുന്നു മാക്രോണിന്റെ പ്രതികരണം. താൻ അധികാരത്തിലെത്തുന്നതിന് മുൻപാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഫ്രാൻസിന് കൃത്യമായ നിയമങ്ങളുണ്ട്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു സർക്കാരുകൾ തമ്മിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ സൈനിക-പ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാർ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദി ഏതാനും ദിവസം മുൻപ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്- മാക്രോൺ പറഞ്ഞു. റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസ്സോഏവിയേഷനൊപ്പം കേന്ദ്ര സർക്കാർ പങ്കാളിയായി നിർദേശിച്ചത് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ ആക്രമണമാണ് കോൺഗ്രസ് നടത്തിവരുന്നത്. 2015-ൽ ഈ സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ പങ്കാളിയാക്കാനാണ് നിർദേശിച്ചിരുന്നത്. Content Highlights:Rafale deal,govt-to-govt discussion, Emmanuel Macron, UN General Assembly
from mathrubhumi.latestnews.rssfeed https://ift.tt/2NEHleJ
via
IFTTT
No comments:
Post a Comment