കന്യാസ്ത്രീകളുടെ സമരത്തിന്റെ മറവില്‍ ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടിയേരി; സമരചരിത്രം മറന്ന കോടിയേരിയാണ് യഥാര്‍ത്ഥ വര്‍ഗീയവാദിയെന്ന് വൈദികര്‍; സമരം സഭയ്‌ക്കെതിരെയല്ലെന്ന് കന്യാസ്ത്രീകള്‍; കോടിയേരിയെ തള്ളി മന്ത്രിമാരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കന്യാസ്ത്രീകളുടെ സമരത്തിന്റെ മറവില്‍ ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടിയേരി; സമരചരിത്രം മറന്ന കോടിയേരിയാണ് യഥാര്‍ത്ഥ വര്‍ഗീയവാദിയെന്ന് വൈദികര്‍; സമരം സഭയ്‌ക്കെതിരെയല്ലെന്ന് കന്യാസ്ത്രീകള്‍; കോടിയേരിയെ തള്ളി മന്ത്രിമാരും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി സമരത്തെ വീണ്ടും തള്ളിപ്പറഞ്ഞത്. എന്നാല്‍ സമരം നയിച്ച് പാരമ്പര്യമുള്ള കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വേദനാജനകമാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. സമരം സഭയ്‌ക്കെതിരെയല്ലെന്നും വി.എസ് അച്യൂതാനന്ദന്‍ പിന്തുണച്ച സമരത്തെ കോടിയേരി തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സമരം നടത്തുന്ന കന്യാസ്ത്രീകളും തിരിച്ചടിച്ചു.

സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടെന്നാണ് കോടിയേരി ലേഖനത്തില്‍ പറയുന്നത്. കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനോടും സി.പി.എമ്മിനോടുമുള്ള രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികള്‍ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനുമാണ് ഒളിഞ്ഞുംതെളിഞ്ഞും പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ അപകടം മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. സമരത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കും സഭയെതന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വര്‍ഗീയ ശക്തികളെ തിരിച്ചറിയണം. എന്നിങ്ങനെ പോകുന്നു ലേഖനം. കത്തോലിക്കാ സഭയേയും ഫ്രാന്‍സിസ് മാര്‍പാപ്പയേയും പ്രകീര്‍ത്തിക്കുന്ന ലേഖനത്തില്‍ പല പീഡനക്കേസുകളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും എടുത്തുപറയുന്നു.
[IMG]
കോടിയേരിക്ക് മറുപടിയുമായി സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയും ഫാ.ബെന്നി മാരാംപറമ്പിലും രംഗത്തെത്തി. സമരചരിത്രം സി.പി.എം മറക്കരുതെന്ന് പറഞ്ഞ ഫാ.വട്ടോളി, മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയേയയാണ് സി.പി.എം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും വിമര്‍ശിച്ചു. കോടിയേരിയുടെ പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

സമരത്തിനു പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പിയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും അജണ്ടയുണ്ടെന്നും സമര കോലാഹലമാണെന്നും അപഥസഞ്ചാരമാണെന്നുമൊക്കെ പറയുന്ന കോടിയേരി, സി.പി.എം എന്നു പറയുന്ന പാര്‍ട്ടി വിപ്ല പാര്‍ട്ടിയാണെന്നും ജനകീയ പ്രസ്ഥാനമാണെന്നു പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് ഫാ. ബെന്നി മാരാംപറമ്പില്‍ ചോദിക്കുന്നു. ജിഷ കൊലയുടെ പശ്ചാത്തലത്തില്‍ അനുകൂലതരംഗമുണ്ടാക്കി അധികാരത്തിലെത്തിയ ഈ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് സംരക്ഷണം കൊടുക്കുമെന്നാണ് അവരുടെ പ്രഖ്യാപന നയം. കോടിയേരി അതിന്റെ ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, ഒരു പുരുഷന്‍ അവരെ ആക്രമിക്കുന്നു. പ്രതിസ്ഥാനത്തുള്ളയാള്‍ അധികാരിയാണ്, സ്വാധീനശക്തിയുള്ളയാളാണ് എന്നക്കൊയിരിക്കേ അതെല്ലാം അവഗണിച്ച് ഫ്രാങ്കോയെ ഒരു സഭാ അധികാരി എന്ന നിലയ്ക്കാണ് കോടിയേരി കാണുന്നത്. സമരം തുടങ്ങിയതു മുതല്‍ സമരക്കാര്‍ എല്ലാം പറയുന്നു ഈ സമരം സഭയ്ക്ക് എതിരല്ലെന്ന്. ഇത് ഒരു വ്യക്തിക്കെതിരെയും പീഡകര്‍ക്കെതിരെയുമുള്ള സമരമാണ്. ബലാത്സംഗക്കാര്‍ക്കെതിരെയുള്ള സമരമാണ്. ക്രൈസ്തവ സഭകളില്‍ പലര്‍ക്കും തോന്നാത്ത ഒരു വികാരം എന്തുകൊണ്ട് കോടിയേരിക്ക് തോന്നുന്നു. ഇത് സഭയ്‌ക്കെതിരെയുള്ള സമരമാണെന്ന് അദ്ദേഹത്തിന് എങ്ങനെ തോന്നി. കോടിയേരി ആരുടെ പക്ഷത്താണ് നില്‍ക്കുന്നത്? കോടിയേരി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്.
[IMG]
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു വിപ്ലവ പ്രസഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയാണ് ഇത് പറയുന്നത്. ഇദ്ദേഹം സഭാ നേതാവോ ഒരു മെത്രാനോ ആയിരുന്നുവെങ്കില്‍ അങ്ങനെ കരുതാമായിരുന്നു. ഇത് സഭയെ തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമാണെന്ന് പറയാമായിരുന്നു. അധ്വാന വര്‍ഗത്തിനും തൊഴിലാളികള്‍ക്കും പീഡിതര്‍ക്കും ചൂഷകര്‍ക്കും വേണ്ടി സംസാരിക്കേണ്ട കോടിയേരിയാണ് ഇവിടെ സഭകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്. കോടിയേരിയാണ് ഇവിടെ ഏറ്റവും വലിയ വര്‍ഗീയവാദി. സത്യത്തിനും നീതിക്കും എതിരെ സംസാരിക്കുന്നത് കോടിയേരിയാണെന്നും ഫാ.ബെന്നി മാരാംപറമ്പില്‍ ആരോപിച്ചു.

കോടിയേരിയുടെ പ്രസ്താവനയെ തള്ളി മന്ത്രിമാരായ ഇ.പി ജയരാജനും ജെ.മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. സര്‍ക്കാര്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടാന്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരിയുടെ പരാമര്‍ശത്തോട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ.പി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടാണ് സമരം. അവരുടെ നിലനില്‍പ്പിനുള്ള സമരമാണ്. അവരുടെ സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.



from mangalam.com https://ift.tt/2ppaJHo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages