ന്യൂഡൽഹി: ആൾക്കൂട്ടക്കൊലയും അതിക്രമങ്ങളും തടയാൻ 'മാനവസുരക്ഷാ നിയമം' വരുന്നു. ആൾക്കൂട്ട അക്രമം നടത്തുന്നവർക്കെതിരേ കർശനശിക്ഷയും ഇരയ്ക്ക് നഷ്ടപരിഹാരവും വ്യവസ്ഥചെയ്യുന്ന കരട് ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ രൂപവത്കരിച്ച ഉന്നത മന്ത്രിതലസമിതിയുടെ പരിഗണനയ്ക്കുശേഷം ബിൽ അന്തിമാനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിനു (പി.എം.ഒ.) സമർപ്പിക്കും. ആൾക്കൂട്ട അക്രമം കൈകാര്യംചെയ്യാൻ പ്രത്യേക നിയമം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കമെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഇന്ത്യൻശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും പ്രത്യേകം വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയും മന്ത്രിതലസമിതിയുടെ പരിഗണനയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ ആൾക്കൂട്ട അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയാനുള്ള മാർഗങ്ങളും സമിതി മുന്നോട്ടുവയ്ക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, സാമൂഹികക്ഷേമ മന്ത്രി തവർചന്ദ് ഗെഹ്ലോത് എന്നിവരാണ് അംഗങ്ങൾ. സമിതിയുടെ ആദ്യയോഗം അടുത്തിടെ ചേർന്നിരുന്നു. ഉടൻതന്നെ വീണ്ടും ചേരും. നിയമം സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ആൾക്കൂട്ട അക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അവ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി ജൂലായ് 17-ന്റെ ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് മന്ത്രിതലസമിതിയും അതിനുതാഴെ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതിയും രൂപവത്കരിച്ചത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങൾ കോടതി നൽകിയിരുന്നു. ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഓരോ ജില്ലയിലും പ്രത്യേക പോലീസ് ഉദ്യോഗസ്ഥൻ, എല്ലാ ജില്ലകളിലും ആൾക്കൂട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, റെക്കോഡ് സൂക്ഷിപ്പ്, കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് അതിവേഗക്കോടതി, വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങൾക്കും നിയന്ത്രണം തുടങ്ങിയ നടപടികളും കോടതി നിർദേശിച്ചിരുന്നു. വകവയ്ക്കാതെ സംസ്ഥാനങ്ങൾ പല സംസ്ഥാനങ്ങളും കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല. 11 സംസ്ഥാനങ്ങൾ മാത്രമാണ് എന്തെങ്കിലും നടപടി കൈക്കൊണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവത്തെ കോടതി വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി. കേസ് ഈയാഴ്ച വീണ്ടും പരിഗണിക്കും. കേന്ദ്രം പുതിയ നിയമം ആലോചിക്കുന്നുണ്ടെന്നും മന്ത്രിതലസമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. നിയമത്തിന് അന്തിമരൂപം നൽകുംമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷയില്ല ആൾക്കൂട്ട അക്രമത്തിന്റെ വിവിധ വശങ്ങൾ ഉദ്യോഗസ്ഥസമിതിയും മന്ത്രിതലസമിതിയും ചർച്ച ചെയ്തിരുന്നു. ആൾക്കൂട്ടക്കൊല നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന നിർദേശം ഉയർന്നെങ്കിലും ഒടുവിൽ അതു തള്ളി. അഭ്യൂഹങ്ങളും വ്യാജവാർത്തകളും തടയാനും അധികൃതരുടെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സാമൂഹികമാധ്യമങ്ങളോട് ആവശ്യപ്പെടുക, ഇല്ലെങ്കിൽ അവരുടെ ഇന്ത്യയിലെ മേധാവികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളും മന്ത്രിതലസമിതി ചർച്ച ചെയ്തിരുന്നു. ബില്ലിലെ മുഖ്യനിർദേശങ്ങൾ *ആൾക്കൂട്ട അക്രമമെന്നാൽ രണ്ടോ അതിൽക്കൂടുതലോ ആളുകൾ നിയമവിരുദ്ധമായി സംഘംചേർന്ന് പ്രത്യേകലക്ഷ്യം കൈവരിക്കാൻ നടത്തുന്ന അക്രമമാണ്. *അക്രമിസംഘത്തിലെ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. *ആൾക്കൂട്ട അക്രമത്തിൽ ഇര കൊല്ലപ്പെട്ടാൽ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. *ഇരയ്ക്ക് മാരകമായ പരിക്കേൽപ്പിച്ചാൽ 10 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും. *ഗുരുതര പരിക്കേൽപ്പിച്ചാൽ ഏഴുവർഷം തടവും ഒരുലക്ഷംരൂപ പിഴയും.
from mathrubhumi.latestnews.rssfeed https://ift.tt/2x0DfTi
via
IFTTT
No comments:
Post a Comment