ബെംഗളൂരു: മെഡിക്കൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് കർണാടകത്തിൽ ഒരു മാസത്തിനിടെ അഞ്ചുകോടി രൂപയോളം തട്ടിയെടുത്തതായി പരാതി. ഇത് സംബന്ധിച്ച് നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 പരാതികൾ ലഭിച്ചു. ഓരോരുത്തർക്കും 10 ലക്ഷംമുതൽ 50 ലക്ഷംവരെ നഷ്ടപ്പെട്ടുവെന്നാണ് പോലീസ് നൽകുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയാകുന്നത്. ഏകീകൃത പൊതുപരീക്ഷാഫലത്തിന് ശേഷം മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്നവരെയാണ് തട്ടിപ്പുസംഘം കെണിയിൽപ്പെടുത്തുന്നത്. നാല്പതോളം രക്ഷിതാക്കൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മെഡിക്കൽ പ്രവേശനസമയത്ത് തട്ടിപ്പ് നടത്തി മുങ്ങുന്ന സംഘത്തെ കണ്ടെത്താൻ പോലീസിനും കഴിയാറില്ല. പ്രവേശനം കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ ഫോൺ നമ്പറുകൾ തരപ്പെടുത്തിയശേഷം രക്ഷിതാക്കളുമായി ബന്ധപ്പെട്ടാണ് പ്രമുഖ കോളേജുകളിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നത്. ഇവർ പ്രവേശനത്തിനായി ബെംഗളൂരുവിലെത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ പല കോളേജുകൾ കേന്ദ്രീകരിച്ചും ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വ്യാജൻമാരെ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം. ബംഗാളിൽ അർധസൈനിക വിഭാഗത്തിൽ അസിസ്റ്റന്റ് കമാൻഡർക്ക് 9.2 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു മെഡിക്കൽ കോളേജിൽ സീറ്റ് ശരിപ്പെടുത്തിത്തരാമെന്നു പറഞ്ഞാണ് സുഭാഷിത്ത് എന്ന ആൾ മുൻകൂറായി പണം വാങ്ങിയത്. കോളേജിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ജാർഖണ്ഡ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 11.6 ലക്ഷം രൂപയാണ്. കർണാടക എക്സാമിനേഷൻ അതോറിറ്റിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ആളാണ് പണം വാങ്ങിയത്. തമിഴ്നാട് സ്വദേശി ബാലാജിക്ക് ഒമ്പതരലക്ഷം രൂപ നഷ്ടമായി. ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 20 ലക്ഷത്തിന് എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഹൈദരാബാദ് സ്വദേശിക്ക് 21 ലക്ഷമാണ് നഷ്ടമായത്. ആന്ധ്ര സ്വദേശികളായ മറ്റ് രണ്ടുപേർക്കും സമാനമായ രീതിയിൽ പണം നഷ്ടമായി. സീറ്റ് വാഗ്ദാനം ചെയ്യുമ്പോൾ ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറാകാത്തതാണ് പണം നഷ്ടപ്പെടാൻ കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2NKFoJF
via
IFTTT
No comments:
Post a Comment