വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചത് ബംഗ്ലാദേശി കവർച്ചസംഘമെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചത് ബംഗ്ലാദേശി കവർച്ചസംഘമെന്ന് സൂചന

കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മർദിച്ച് വീട് കൊള്ളയടിച്ച സംഘം ബംഗ്ലാദേശികളടങ്ങുന്നതാണെന്ന നിഗമനത്തിൽ പോലീസ്. 50 പേരിലേറെയുള്ള വൻ സംഘമാണിത്. ഇവരിൽ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഡൽഹിയിലെ വിലാസം നൽകുകയും പലയിടത്തായി കവർച്ച നടത്താൻ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുൾപ്പെട്ടവരാണ് കണ്ണൂരിൽ കൊള്ള നടത്തിയതെന്നാണ് നിഗമനം. ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങൾക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്നാട്ടിലെ അയ്യനാർ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്പൂർ ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയിൽ കവർച്ച നടത്തുന്നത്. ബാങ്കുകൾ കേന്ദ്രീകരിച്ചാണ് അയ്യനാർ ഗാങ്ങിന്റെ കവർച്ച. പൊന്ന്യം, പെരിയ, കാഞ്ഞാർ ബാങ്കുകളിലടക്കം കവർച്ച നടത്തിയത് ഈ സംഘമാണ്. ഇതിൽ ഉൾപ്പെട്ടവർ പിടിയിലായതോടെ സംസ്ഥാനത്ത് ഇവരുടെ 'ഓപ്പറേഷൻ' കുറഞ്ഞതായാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം, എറണാകുളം, കണ്ണൂരിലെ പള്ളിക്കുന്ന് എന്നിവിടങ്ങളിലൊക്കെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശ്രീകാമ്പൂർ ടീമായിരുന്നു ഇതിനുപിന്നിൽ. ഇവരാകാം വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചതും കെട്ടിയിട്ട് കവർച്ച നടത്തിയതെന്നുമുള്ള സംശയം പോലീസിനുണ്ടായിരുന്നു. പക്ഷേ, മോഷണം നടത്തുന്ന വീട്ടിലെ കാറുപയോഗിച്ച് പാതിവഴിയെങ്കിലും രക്ഷപ്പെടുകയെന്ന രീതി ഇവർക്കുണ്ടെന്നാണ് മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരം. വിനോദ് ചന്ദ്രന്റെ കാർ നഷ്ടപ്പെട്ടിട്ടില്ല. അത് മോഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുമില്ല. ഇതോടെയാണ് ബംഗ്ലാദേശി സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഈ സംഘത്തിലെ ഒരുവിഭാഗം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരവും മറ്റു സംസ്ഥാനങ്ങളിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നോ നാലോ കവർച്ചകൾ നടത്തി മടങ്ങുന്ന രീതിയാണ് ഇവർക്കുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലീസുദ്യോഗസ്ഥരിൽനിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ, സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും കണ്ണൂരിലേതിന് സമാനമായ കവർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയവും പോലീസിനുണ്ട്. ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോൺ കോളുകൾ തുടങ്ങിയവയിലുള്ള സാങ്കേതിക പരിശോധന, പ്രതികളെന്ന് സംശയിക്കുന്നവർ രക്ഷപ്പെടാനുള്ള ശ്രമം തടയലും പിടിക്കാനുള്ള ഇടപെടലും, മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം എന്നിങ്ങനെയാണ് അന്വേഷണം പുരോഗമിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2QeqVHO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages