അഹമ്മദാബാദ്: പശുക്കളെ പൊതുവിടങ്ങളിൽ അലഞ്ഞുതിരിയാൻ വിടുന്ന ഉടമസ്ഥർക്ക് ആധാറിൽ ‘കെണി’യൊരുക്കി സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ. നഗരങ്ങളിൽ ചുറ്റിനടക്കുന്ന പശുക്കളെയും കാളകളെയും പിടികൂടി ചെവിയിൽ പ്ലാസ്റ്റിക് ടാഗിട്ട് അതിൽ രജിസ്ട്രേഷൻ നമ്പർ ചേർക്കുകയും ഇത് ഉടമസ്ഥരുടെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് അധികൃതർ സ്വീകരിച്ച പുതിയ നടപടി. ആയിരക്കണക്കിന് പശുക്കൾ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് ഗതാഗതതടസ്സമടക്കമുള്ള ബുദ്ധിമുട്ടുസൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. പിടികൂടിയ പശുക്കളെ അന്വേഷിച്ചെത്തുന്ന ഉടമകളിൽനിന്ന് ആധാർ നമ്പറും ഫോൺ നമ്പറും ഉൾപ്പെടെയുള്ളവ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തും. ഉടമസ്ഥരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ ഇതുപകരിക്കും. ഇതിനകം കാൽലക്ഷത്തോളം പശുക്കൾക്ക് നമ്പറിടുകയും അത് ആയിരത്തഞ്ഞൂറോളം ഉടമസ്ഥരുടെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തതായി സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ മാർക്കറ്റ് സൂപ്രണ്ട് ഡോ. പ്രഫുൽ മേത്ത പറഞ്ഞു. ഇനിയും 25,000-ത്തോളം പശുക്കൾക്ക് നമ്പറിടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധാറില്ലാത്തവരുടെ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകളാണ് ഉപയോഗിക്കുന്നത്. ആദ്യതവണ തെരുവിൽനിന്ന് പശുക്കളെ പിടികൂടിയാൽ 1800 രൂപയാണ് പിഴ. നാലുതവണ പശുക്കൾ പിടിക്കപ്പെട്ടാൽ ഉടമസ്ഥന് പിന്നെ പശുക്കളെ തിരിച്ചുനൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2NYXkAl
via
IFTTT
No comments:
Post a Comment