ന്യൂഡൽഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂർണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എഴുത്തുകാരന്റെ ഭാവനയേയും ചിന്താശേഷിയേയും ബഹുമാനിക്കേണ്ടതുണ്ട്. രണ്ടു കഥാ പാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളായിട്ടാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നോവലിൽ പറഞ്ഞിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയിൽ കാണണമെന്നും പറഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന നോവലിലെ പരാമർശങ്ങളെന്നു ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശി എൻ.രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേന്ദ്രസർക്കാർ, കേരള, ഡൽഹി സർക്കാരുകൾ, മാതൃഭൂമി എന്നിവയെ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി. ആവിഷ്കാര സ്വാതന്ത്യത്തെ തടയാനാവില്ലെന്ന് വാദിച്ച കേന്ദ്രവും സംസ്ഥാന സർക്കാരും ഹർജിയെ എതിർത്തിരുന്നു. ഈ രാജ്യത്തുള്ള ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലുമുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് നോവലിസ്റ്റ് എസ്.ഹരീഷ് പ്രതികരിച്ചു. എനിക്ക് മാത്രമല്ല കേരളത്തിലെ വളർന്നുവരുന്ന എഴുത്തുകാർക്കടക്കം ഈ വിധിയൊരു ഊർജമാകുമെന്നും വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wKlNTA
via
IFTTT
No comments:
Post a Comment