ന്യൂഡൽഹി:അംഗബലത്തിൽ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയിൽ സമഗ്രമായ ഉടച്ചുവാർക്കലിനും കളമൊരുങ്ങുന്നു. ബ്രിഗേഡിയർ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടുക എന്നിവ കേന്ദ്രസർക്കാരിന്റെയും കരസേനയുടെയും പരിഗണനയിലാണ്. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയിൽ അഞ്ചുവർഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സൈന്യത്തിലെ പിന്തുണ നൽകുന്ന വിഭാഗങ്ങളിൽ (സപ്പോർട്ട്) മനുഷ്യവിഭവശേഷി കുറച്ച് പോരാട്ടത്തിലേർപ്പെടുന്ന വിഭാഗത്തിന്റെ (കോമ്പാറ്റ്) കാര്യക്ഷമതയും പ്രഹരശേഷിയും കൂട്ടും. സാങ്കേതികവിദ്യ പുരോഗമിച്ച പശ്ചാത്തലത്തിൽ പരമ്പരാഗതമായ ചിലമേഖലകളിൽ പഴയ രീതിയിൽ ആൾശേഷി വേണ്ടിവരുന്നില്ലെന്നതും കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കേഡർ റിവ്യൂ നടപടികൾ ജൂൺ 21-ന് തുടങ്ങി. മിലിറ്ററി സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ജെ.എസ്. സന്ധുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയാണ് റിവ്യൂ നടത്തുന്നത്. സമിതിയുടെ പ്രാഥമിക ശുപാർശകൾ ഈ മാസംതന്നെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് സമർപ്പിക്കും. ഓഫീസർ കേഡറിൽ സ്ഥാനക്കയറ്റ സാധ്യതകൾ വർധിപ്പിക്കുക, ഓഫീസർമാരുടെ കുറവ് പരിഹരിക്കുക എന്നതും ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് ബ്രിഗേഡിയർ പദവി വേണ്ടെന്നുവയ്ക്കുന്നതിനെക്കുറിച്ചാലോചിക്കുന്നത്. ജവാന്മാരുടെ വിരമിക്കൽ കാലപരിധി നിലവിലെ 15-വർഷത്തിൽനിന്ന് 20 വർഷമാക്കാനാണ് ആലോചന. ശരാശരി ആയുർദൈർഘ്യം കൂടിയ ഇക്കാലത്തും ജവാന്മാർ താരതമ്യേന ചെറുപ്പത്തിലാണ് വിരമിക്കുന്നത്. കരസേനയുടെ അംഗബലം കുറയ്ക്കുന്നതിനെക്കുറിച്ച് കുറച്ചുകാലമായി പ്രതിരോധമന്ത്രാലയം ആലോചിച്ചുവരുകയാണ്. സൈന്യത്തിന്റെ വലുപ്പം ആധുനികീകരണത്തെയും കാര്യക്ഷമതയെയും ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിരോധ ബജറ്റിൽ വലിയ പങ്ക് ചെലവഴിക്കേണ്ടിവരുന്നതും ആധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ പണം കണ്ടെത്താൻ കഴിയാത്തതും ഈ ചിന്തയ്ക്ക് കാരണമാണ്. സേനയിലെ ചില വിഭാഗങ്ങൾ ഒന്നാക്കുന്നതും പരിഗണനയിലുണ്ട്. കരസേനാ ആസ്ഥാനത്തെ വിവിധ ഡയറക്ടറേറ്റുകൾ, ലോജിസ്റ്റിക്, കമ്യൂണിക്കേഷൻ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളുടെ ഉടച്ചുവാർക്കൽ എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ വരുന്ന രണ്ടുവർഷംകൊണ്ട് 50,000 കണ്ട് അംഗബലം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2MqBjJ7
via
IFTTT
No comments:
Post a Comment