തിരുവനന്തപുരം :യാത്രക്കാരെ വലച്ച് തീവണ്ടികളുടെ വൈകിയോട്ടം തുടരുന്നു. തീവണ്ടികളുടെ എത്തിച്ചേരൽ സമയം നീട്ടിനൽകിയ പുതിയ പട്ടികയ്ക്കെതിരേയും ഉയരുന്നത് രൂക്ഷവിമർശനം. വൈകിയോട്ടം മറച്ചുപിടിക്കാനുള്ള കുറുക്കുവഴിയാണിതെന്നാണ് യാത്രക്കാരുടെ ആരോപണം. ലോക്കോ പൈലറ്റ്, ഗാർഡ്, എൻജിനീയറിങ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവ്, കോച്ച് ക്ഷാമം എന്നിവയും റെയിൽവേയെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ലോക്കോപൈലറ്റുമാരില്ലാത്തതിനാൽ ഒരുമാസത്തോളം 10 പാസഞ്ചർ വണ്ടികൾ റദ്ദാക്കിയിരുന്നു. ജനറൽ കോച്ചുകൾ കുറവായതിനാൽ 11 എക്സ്പ്രസ് തീവണ്ടികളിലെ ജനറൽ കമ്പാർട്ട്മെന്റുകൾ കുറച്ചതും കഴിഞ്ഞദിവസമാണ്. 1800 കോച്ചുകളാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനുള്ളത്. ഇതിന്റെ പത്തുശതമാനം കരുതൽശേഖരമായി വേണമെന്നാണ് നിയമം. കരുതൽ ശേഖരമില്ലാതായിട്ട് നാലുവർഷത്തിലധികമായി. ഒരു തീവണ്ടിയിൽനിന്നുള്ള കോച്ച് എടുത്താണ് അടുത്തത് അയക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠയും എം.പി.മാരുമായുള്ള യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തിൽ ആശ്വാസമേകുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. വൈകുന്ന പാത ഇരട്ടിപ്പിക്കൽ എറണാകുളം-കോട്ടയം-കായംകുളം ഇരട്ടപ്പാതയായാൽ മാത്രമേ തിരുവനന്തപുരം ഡിവിഷനിലേക്കുള്ള തീവണ്ടികൾ കൃത്യമായി ഓടുകയുള്ളൂ. 70 ശതമാനം തീവണ്ടികളും ഈ പാതയിലാണ്. ഒക്ടോബർ അവസാനത്തോടെ ചങ്ങനാശ്ശേരി- ചിങ്ങവനം പാതയിൽ തീവണ്ടി ഓടിക്കാനാകും. എന്നാൽ, ചിങ്ങവനം മുതൽ ഏറ്റുമാനൂർവരെയുള്ള 19 കിലോമീറ്റർ ഒറ്റവരിപ്പാളം കുപ്പിക്കഴുത്തിന് സമാനമാണ്. ക്രോസിങ് സൗകര്യം കോട്ടയത്ത് മാത്രമാണുള്ളത്. സ്ഥലം കിട്ടിയാൽപോലും ഒന്നരവർഷമെങ്കിലും പാത ഇരട്ടിപ്പിക്കാൻ വേണ്ടിവരും. ആലപ്പുഴ വഴിയുള്ള തീരദേശപാതയിൽ കായംകുളം ഭാഗത്തുനിന്ന് ഹരിപ്പാട് വരെയാണ് ഇരട്ടപ്പാതയുള്ളത്. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ 2019 മാർച്ചിലും തീരില്ല. എറണാകുളത്തുനിന്ന് കുമ്പളംവരെ മാത്രമേ ഇരട്ടപ്പാതയുള്ളൂ. കോട്ടയം പാതയുടെ ഇരട്ടിപ്പിക്കലിലിനാണ് റെയിൽവേ ഇപ്പോൾ പരിഗണന നൽകുന്നത്. അതിനാൽ തീരദേശ ഇരട്ടപ്പാത ഉടനെങ്ങും യാഥാർഥ്യമാകാനിടയില്ല. തലസ്ഥാനത്തെ വലച്ച് കൊച്ചുവേളിയും നേമവും അഞ്ച് പ്ലാറ്റ്ഫോമുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന് ദിവസം 75-ലധികം വണ്ടികളാണ് കൈകാര്യം ചെയ്യേണ്ടിവരുന്നത്. പ്ലാറ്റ്ഫോം ഒഴിവില്ലാത്തതാണ് കാരണം. കൊല്ലം ഭാഗത്തുനിന്നുള്ള തീവണ്ടികൾ നേമത്തും നാഗർകോവിലിൽ നിന്നുള്ളവ കൊച്ചുവേളിയിലും യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ക്രമീകരിച്ചാലേ പരിഹാരമാകുകയുള്ളൂ. പാലക്കാടിന് കൂടുതൽ ഹ്രസ്വദൂര തീവണ്ടികൾ വേണം ഷൊർണൂർ-കോഴിക്കോട്-കണ്ണൂർ-മംഗളൂരു-ഗോവ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഹ്രസ്വദൂര പകൽതീവണ്ടികൾ വേണമെന്നതാണ് പാലക്കാട് ഡിവിഷന്റെ പ്രധാന ആവശ്യം. ഷൊർണൂരിൽനിന്ന് ഇരുവശത്തേക്കും കൂടുതൽ പ്രതിദിന തീവണ്ടികൾ ഓടിക്കാൻ കഴിയും. പാലക്കാട്-എറണാകുളം പാതയിലും യാത്രാക്ലേശം പരിഹരിക്കാൻ ഹ്രസ്വദൂര പ്രതിദിന തീവണ്ടികൾകൊണ്ട് കഴിയും. പാലക്കാട് - പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയായിട്ടും അമൃത, തിരുച്ചിറപ്പള്ളി തീവണ്ടികൾ മാത്രമാണ് ഇതുവഴി ഓടുന്നത്. മീറ്റർഗേജ് ആയിരുന്ന സമയത്തെ തീവണ്ടികൾകൂടി ഓടിത്തുടങ്ങിയാൽ മംഗളൂരുവിൽനിന്ന് മധുരയിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്പെടും. പാലക്കാടുനിന്ന് പൊള്ളാച്ചിയിലേക്ക് മെമു, ഡെമു പരിഗണിക്കാവുന്നതാണ്. കന്യാകുമാരി ഇരട്ടപ്പാത തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉദ്ഘാടനം കഴിഞ്ഞെങ്കിലും തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെങ്ങും സ്ഥലമേറ്റെടുത്തിട്ടില്ല. നാഗർകോവിൽ-എരണിയൽ സ്ഥലമെടുപ്പ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. റെയിൽവേ പറയുന്നത് 2012-നു ശേഷം എക്സ്പ്രസ് തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ചു. അതിനനുസൃതമായി തീവണ്ടികളുടെ യാത്രാസമയം കൂട്ടിയിട്ടില്ല. ഒരു സ്റ്റോപ്പിന് ഏഴുമിനിറ്റുവരെ വേണ്ടിവരുന്നുണ്ട്. മറ്റു ഡിവിഷനിലേക്ക് തീവണ്ടികൾ കൈമാറേണ്ട സമയത്തിൽ മാറ്റംവരുത്താൻ കഴിയില്ല. പകരം ഡിവിഷന് അകത്ത് എത്തിച്ചേരൽ-പുറപ്പെടൽ സമയത്തിൽ മാറ്റംവരുത്തുകയേ നിർവാഹമുള്ളൂ. സ്ഥലമേറ്റെടുക്കുന്നതിലെ കാലതാമസം, ടെർമിനൽ സ്റ്റേഷനുകളുടെ പരിമിതികൾ, പാളത്തിലെ അറ്റകുറ്റപ്പണികൾ എന്നിവയും വണ്ടികൾ വൈകുന്നതിന് കാരണമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ztjAO1
via
IFTTT
No comments:
Post a Comment