കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മറ്റുചില കന്യാസ്ത്രീകളെയും കഴുകൻകണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച പുതിയ കത്തിലാണ് ഈ വെളിപ്പെടുത്തൽ. രണ്ടാംതവണയാണ് വത്തിക്കാൻ പ്രതിനിധി അപ്പൊസ്തലിക് നുൺഷ്യൊ ജിയാംബാറ്റിസ്റ്റ ഡിക്വാത്രോയ്ക്ക് കന്യാസ്ത്രീ പരാതി അയയ്ക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എത്രയുംവേഗം നീതി ലഭിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാൽ കെണിയിൽപ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലിൽ ഒരു കന്യാസ്ത്രീയുടെ പ്രാർഥനാമുറിയിൽനിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയർ കന്യാസ്ത്രീകൾ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങൾക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ആരും ഒന്നും മിണ്ടിയില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. നേരത്തേ, അന്വേഷണ ഉദ്യോഗസ്ഥരോട് ഈ വിവരം പറയാതിരുന്നത് ഈ സിസ്റ്ററുടെ ഭാവിയോർത്താണ്. ബിഷപ്പിനെതിരേ പരാതിപ്പെട്ടതുമുതൽ സഭയ്ക്കുള്ളിൽ അവഗണന നേരിടുകയാണ്. സഭയുടെ ചില ഇരട്ടത്താപ്പുകളും കത്തിൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. തന്നോട് കരുണ കാണിക്കണമെന്ന് അവർ നുൺഷ്യൊയോട് ആവശ്യപ്പെടുന്നു. ഇനിയും വൈകിയാൽ അന്വേഷണം വഴിതെറ്റിക്കാൻ രൂപതയുടെ സമ്പത്തുമുഴുവൻ ഫ്രാങ്കോയും കൂട്ടാളികളും ഉപയോഗിക്കും. കത്തിൽ ചൂണ്ടിക്കാട്ടുന്ന മറ്റുചില വിഷയങ്ങൾ * അനുസരണക്കേടുകാട്ടിയെന്ന് പറഞ്ഞ് ജലന്ധർ രൂപതയിലെ ഫാ. ബേസിലിനെ ബിഷപ്പ് ഫ്രാങ്കോ പിരിച്ചുവിട്ടു. പിരിച്ചുവിടൽ ഉത്തരവ് സിറോ മലബാർ സഭയുടെ ഒരു രൂപതാ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, ഈ വിഷയം വന്നപ്പോൾ അത് ലത്തീൻ റീത്തിന്റെ പ്രശ്നം മാത്രമാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. * പരാതി പിൻവലിച്ചാൽ പത്തേക്കർ സ്ഥലം തരാമെന്ന വാഗ്ദാനവുമായി ഫാ. ജയിംസ് ഏർത്തയിൽ എത്തിയത് പുറത്തായപ്പോൾ സന്ന്യാസ സഭയായ സി.എം.ഐ. വൈദികർ ബിഷപ്പ് ഫ്രാങ്കോയോട് മാപ്പുപറഞ്ഞു. എന്നാൽ, വിഷയം ഉന്നയിച്ച കന്യാസ്ത്രീകളുടെ കാര്യത്തിൽ അവർക്ക് ഒരു ഉത്കണ്ഠയും തോന്നിയില്ല. * ചെറുപ്പംമുതൽ സഭയെ അമ്മയായാണ് കരുതുന്നത്. എന്നാൽ, അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാകുന്നത് സഭ സ്ത്രീകളോടും സാധാരണക്കാരോടും ചിറ്റമ്മയെപ്പോലെ പെരുമാറുന്നുവെന്നാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2MlqpEN
via
IFTTT
No comments:
Post a Comment