ന്യൂഡൽഹി: റഫാൽ ഉപകരാറിൽ വിമാനനിർമാതാക്കളായ ദസോൾട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ നിശ്ചയിച്ചത് ആരെന്നതിനെച്ചൊല്ലി തർക്കം മുറുകുന്നു. തീരുമാനത്തിൽ പങ്കില്ലെന്ന് ഇന്ത്യയും ഫ്രാൻസും ശനിയാഴ്ച വ്യക്തമാക്കി. ദസോൾട്ടിന്റെ മാത്രം തീരുമാനമാണിതെന്നാണ് രണ്ടുസർക്കാരുകളും വിശദീകരിക്കുന്നത്. ഇന്ത്യയുടെ താത്പര്യപ്രകാരമാണ് റിലയൻസിനെ പങ്കാളിയാക്കിയതെന്ന് കഴിഞ്ഞദിവസം ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയും അദ്ദേഹം ഈ ആരോപണത്തിൽ ഉറച്ചുനിന്നു. എന്നാൽ, ഇന്ത്യ സമ്മർദം ചെലുത്തിയോയെന്ന ചോദ്യത്തിന് അക്കാര്യം ദസോൾട്ടാണ് പറയേണ്ടതെന്നായിരുന്നു ഒളോന്ദിന്റെ മറുപടി. ദസോൾട്ടിന്റെ പങ്കാളികളെ തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഒളോന്ദിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമാണിത്. ഒളോന്ദിന്റെ ആരോപണത്തിൽ ഉലഞ്ഞ കേന്ദ്രസർക്കാർ ശനിയാഴ്ച തീരുമാനത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നു. “ഇന്ത്യയുടെ ആവശ്യപ്രകാരമല്ല റിലയൻസിനെ നിശ്ചയിച്ചത്. ദസോൾട്ടിന്റെ പങ്കാളികളെ തീരുമാനിച്ചതിൽ സർക്കാരിനു ഒരു പങ്കുമില്ല. മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് അനാവശ്യവിവാദമാണ് സൃഷ്ടിക്കുന്നത്”-പ്രതിരോധമന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി. റിലയൻസിനെ പങ്കാളിയാക്കാൻ നിർദേശിച്ചത് തങ്ങളാണെന്ന് ദസോൾട്ട് ഏവിയേഷനും വ്യക്തമാക്കി. 2016-ലെ ഡിഫൻസ് പ്രൊക്യൂർമെന്റ് പ്രൊസീജിയറിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് തീരുമാനമെന്നും അവർ പറഞ്ഞു. അതിനിടെ, 'രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാ'ണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആരോപിച്ചു: ''പ്രധാനമന്ത്രി അഴിമതി കാട്ടിയതായി പൂർണബോധ്യമുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. ഒന്നുകിൽ ഫ്രാൻസ്വാ ഒളോന്ദ് പറഞ്ഞ കാര്യം ശരിയാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണം. അല്ലെങ്കിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പറയണം, സത്യം എന്താണെന്ന് വെളിപ്പെടുത്തുകയും വേണം'' -രാഹുൽ ആവശ്യപ്പെട്ടു. ചൈനയുടെയും പാകിസ്താന്റെയും തന്ത്രങ്ങളിൽ വീണതുകൊണ്ടാണ് രാഹുൽ റഫാൽ വിമാനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. റഫാലിന്റെ നിർമാതാക്കളായ ദസോൾട്ടും റിലയൻസും തമ്മിൽ യു.പി.എ. ഭരണകാലത്ത് 2012-ൽതന്നെ ധാരണയിലെത്തിയിരുന്നെന്നും മന്ത്രി ആരോപിച്ചു. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എലിനെ പങ്കാളിയാക്കാനാണ് നിർദേശിച്ചിരുന്നത്. 2015-ൽ ഈ സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിക്ക് പ്രതിരോധ ഉത്പാദനരംഗത്ത് പ്രവൃത്തിപരിചയമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2O1IhsZ
via
IFTTT
No comments:
Post a Comment