തിരുവനന്തപുരം: പരമ്പരാഗത വി.എച്ച്.എസ്.സി. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രിയം കുറഞ്ഞതോടെ അവ നിർത്തലാക്കാനൊരുങ്ങി സർക്കാർ. മിനിമം കുട്ടികളില്ലാത്ത കോഴ്സുകളിൽനിന്ന് കുട്ടികളെ മറ്റ് കോഴ്സുകളിലേക്ക് മാറ്റണമെന്ന് കാണിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി. വിവിധ സ്കൂളുകളിലായി 25 കോഴ്സുകളാണ് ഈ വർഷം നിർത്തലാക്കുന്നത്. സ്കൂളുകളുടെയും കോഴ്സുകളുടെയും പട്ടികയും ഉത്തരവിൽ ചേർത്തിട്ടുണ്ട്. ദേശീയ നൈപുണ്യ വികസനപദ്ധതിയായ എൻ.എസ്.ക്യു.എഫ്. നടപ്പായിത്തുടങ്ങിയതോടെയാണ് പരമ്പരാഗത വി.എച്ച്.എസ്.ഇ കോഴ്സുകൾക്ക് കുട്ടികൾ കുറഞ്ഞത്. ഈ വർഷം 66 സ്കൂളുകളിലാണ് എൻ.എസ്.ക്യു.എഫ്. കോഴ്സുകൾ തുടങ്ങിയത്. ഈ കോഴ്സ് പഠിക്കുന്നവർക്കേ സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഭാവിയിൽ തൊഴിലധിഷ്ഠിത ജോലികൾക്ക് അപേക്ഷിക്കാനാകൂ. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തൊഴിലധിഷ്ഠിത ജോലികൾക്കുള്ള യോഗ്യതയായി എൻ.എസ്.ക്യു.എഫ്. കോഴ്സുകൾ മാറുകയാണ്. സംസ്ഥാനത്ത് 389 വി.എച്ച്.എസ്.ഇ. സ്കൂളുകളിലായി ആയിരത്തിൽപരം കോഴ്സുകളാണുള്ളത്. ഒരു കോഴ്സിന് 25 കുട്ടികളെങ്കിലും മിനിമം വേണമെന്നാണ് കണക്ക്. ഇതില്ലാത്ത കോഴ്സുകളിലെ കുട്ടികളെ അതേ സ്കൂളിലെ മറ്റേതെങ്കിലും കോഴ്സിലേക്ക് മാറ്റിച്ചേർക്കാനാണ് ഉത്തരവ്. എന്നാൽ, ഇതിന് കുട്ടികൾ തയ്യാറല്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. അടുത്തവർഷം മുതൽ കൂടുതൽ സ്കൂളുകളിലേക്ക് എൻ.എസ്.ക്യു.എഫ്. വ്യാപിപ്പിക്കും. എന്നാൽ ഘട്ടംഘട്ടമായാണ് ഈ മാറ്റമെങ്കിൽ കൂടുതൽ പരമ്പരാഗത കോഴ്സുകൾക്ക് കുട്ടികളെ കിട്ടാതാകും. ബാക്കിയുള്ള സ്കൂളുകൾ കൂടി പുതിയ പാഠ്യരീതിയിലേക്ക് വേഗം മാറ്റുകയാണ് ലക്ഷ്യം. പരമ്പരാഗത കോഴ്സുകളിലാണ് കൂടുതൽ പഠനസമയം. എൻ.എസ്.ക്യു.എഫ്. നടപ്പാക്കുമ്പോൾ അധികമാകുന്ന അധ്യാപകരെ എന്തു ചെയ്യുമെന്ന കാര്യത്തിലും നയപരമായ തീരുമാനം സർക്കാർ എടുത്തിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2xOn5xz
via
IFTTT
No comments:
Post a Comment